മാധവിക്കുട്ടിയുടെ ജീവിതം ആവിഷ്കരിക്കപ്പെടുമ്ബോള് മാധവിക്കുട്ടിയായി വിദ്യ എത്തില്ല. മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിത കഥ പറയുന്ന ചിത്രമായ ആമിയില്‍ നിന്നും വിദ്യാ ബാലന് പിന്മാറി. കമലാദാസിന്റെ വ്യക്തി ജീവിതവും എഴുത്ത് ജീവിതവും ആവിഷ്കരിക്കപ്പെടുമ്ബോള് കമലാദാസായി വിദ്യാ ബാലന് തന്നെ എത്തുമെന്ന് സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്നു. വിദ്യാ ബാലന്റെ ഈ പിന്മാറ്റം ഏവരേയും നിരാശയിലാക്കിയിരിക്കുകയാണ്.
ആമിയില്‍ നിന്നും പിന്മാറിയതായി വിദ്യയുടെ ഔദ്യോഗിക വക്താവാണ് അറിയിച്ചിരിക്കുന്നത്. വിദ്യയും കമലും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ചിത്രത്തില്‍ നിന്നും പിന്മാറാന് കാരണമെന്ന് പറയപ്പെടുന്നു.
കമലാ സുരയ്യ ആകാന്‍ വിദ്യയ്ക്ക് ഇഷ്ടമായിരുന്നു, എന്നാല്‍ തിരക്കഥയില്‍ അവസാനം വരുത്തിയ മാറ്റമാണ് വിദ്യയെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചത്. ആദ്യം വിദ്യാ ബാലനെ തിരക്കഥ കേള്‍പ്പിച്ചപ്പോള്‍ അത് വിദ്യയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ കമല്‍ ഒടുവില്‍ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി കൂട്ടിച്ചേര്‍ത്തിരുന്നു. ആ കൂട്ടിച്ചേര്‍ത്ത ഭാഗത്തോട് വിദ്യയ്ക്ക് താത്പര്യമില്ലാത്തതാണ് ആമിയില്‍ നിന്നും വിദ്യ പിന്മാറാന് കാരണം.
എന്നാല്‍ വിദ്യ ചിത്രത്തില്‍ നിന്നും പിന്മാറാന് കാരണം ഇതല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട് ഇരുവരുടെയും ഇടയിലുള്ള അഭിപ്രായ വ്യത്യാസമാണെന്നും പറയപ്പെടുന്നു. വിദ്യ നരേന്ദ്ര മോദിയെ ശക്തമായി പിന്തുണക്കുന്ന വ്യക്തിയാണ്. കേന്ദ്രസര്‍ക്കാറിന്റെ ശൗചാലയ പരിപാടിയുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ ചുമതലയുള്ള വ്യക്തികൂടിയാണ് വിദ്യാ ബാലന്. അതേസമയം കമലിന്റെ പേരില്‍ ബിജെപി സംഘര്‍ഷം ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് വിദ്യ കമല്‍ ചിത്രത്തില്‍ നിന്നും പിന്മാറുന്നത്. തിയേറ്ററുകിലെ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട് കമലിന്റെ നിലപാടുകള്‍ക്കെതിരെ ബിജെപി നേതാക്കള്‍ രംഗത്ത് വരികയും കമല്‍ പാകിസ്താനിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചിത്രത്തില്‍ നിന്നും പിന്മാറാന് കാരണം തികച്ചും പ്രൊഫഷണല്‍ ആണെന്നും മറ്റു പ്രചരണമെല്ലാം തെറ്റാണെന്നും വിദ്യ പറഞ്ഞു. ഇത് രണ്ടാം തവണയാണ് വിദ്യാ ബാലന് മലയാള സിനിമയില്‍ നിന്നും അവസാന നിമിഷം പിന്മാറുന്നത്. അതും കമല്‍ ചിത്രങ്ങളില്‍ നിന്നും. 2003 ല്‍ കമല്‍ ചിത്രമായ ചക്രത്തിലൂടെയായിരുന്നു വിദ്യ ബാലന് സിനിമാ ലോകത്ത് രംഗപ്രവേശനം നടത്തേണ്ടിയിരുന്നത്. എന്നാല്‍ ചിത്രം പാതി വഴിയില്‍ മുടങ്ങിയതോടെ വിദ്യ ബോളിവുഡില്‍ എത്തി അവിടെ വിദ്യയുടേതായ ഒരിടം കണ്ടെത്താന്‍ വിദ്യയ്ക്കു കഴിഞ്ഞു.
തന്റെ സ്വപ്നത്തിലെ ആമി വിദ്യാ ബാലനായിരുന്നില്ലെന്ന് കമല്‍ മുമ്ബൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. ശ്രീവിദ്യ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ പ്രഥമ പരിഗണന ശ്രീവിദ്യയ്ക്കു നല്‍കുമായിരുന്നെന്ന് കമല്‍ പറഞ്ഞിരുന്നു. ശ്രീവിദ്യ കഴിഞ്ഞാല്‍ വിദ്യ മാത്രമേ തന്റെ മനസ്സിലെ മാധവിക്കുട്ടിയായി ഉണ്ടായിരുന്നുള്ളുവെന്നും കമല്‍ പറഞ്ഞിരുന്നു. വിദ്യ ചിത്രത്തില്‍ നിന്നും പിന്മാറിയ സാഹചര്യത്തില്‍ വിദ്യയ്ക്ക് പകരം കമലിന്റെ മനസ്സില്‍ തെളിയുന്ന ആമി ആരാണ്? അതോ വിദ്യാ ബാലനെ വെച്ച് കമല്‍ ചെയ്യാനിരുന്ന ചക്രം മുടങ്ങിയത് പോലെ ആമിയും പാതിവഴിയിലാകുമോ? കാത്തിരുന്ന് കാണാം.