Featured Film News Malayalam

ആദിയിലെ സ്വന്തം വരികള്‍ പാടാന്‍ ഒരുങ്ങി പ്രണവ് മോഹന്‍ലാല്‍

താരപുത്രനെന്ന പര്യവേഷത്തോടെ വെള്ളിത്തിരയില്‍ നായകനായി തുടക്കം കുറിച്ച്‌ ഒടുവില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ദുല്‍ഖര്‍ സല്‍മാന്‍ ഒരു നടന്‍ മാത്രമല്ല ഒരു ഗായകന്‍ കൂടിയാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. സ്വന്തം ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് സ്വരം നല്‍കുക എന്നത് ദുല്‍ഖര്‍ സല്‍മാന് പുതുമയല്ല. അതുപോലെയാണ് പഴയകാല നടന്‍ സുകുമാരന്റെ മകന്‍ പൃഥ്വിരാജ് സുകുമാരനും സ്വന്തം ചിത്രങ്ങളിലെ ഗാനങ്ങളില്‍ മൂളിയിട്ടുണ്ട്.

ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലും സ്വന്തം ചിത്രത്തിലെ ഗാനത്തിനായി പാടുന്നു. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കുന്ന ആദിക്ക് വേണ്ടിയാണ് പ്രണവ് പാടുന്നത്. ഈ ഗാനം രചിക്കുന്നതും പ്രണവ് തന്നെയാണ്. ചിത്രത്തിന്റെ പശ്ചാത്തലമായി നഗരത്തില്‍ ഉള്ളൊരു യുവാവ് എന്ന നിലയില്‍ ഈ ഗാനം ഒരു ഇംഗ്ലീഷ് പാട്ടാക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിത്തു ജോസഫ് ചിത്രങ്ങളില്‍ അന്യഭാഷാ ഗാനം സ്ഥിരമായതിനാലാണ് പ്രണവ് ഇത്തരത്തിലൊരു ഗാനം രചിക്കുന്നത്.

ആദിയുടെ ചിത്രീകരണത്തിനിടെ പ്രണവിന് പരുക്ക് പറ്റിയിരുന്നു. ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ കണ്ണാടി പൊട്ടിക്കുന്നതിനിടെ പ്രണവിന്റെ കൈയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. കൈയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്നൊഴുകാന്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രണവിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചിത്രത്തിന്റെ ഷെഡ്യൂളില്‍ മൂന്നു ദിവസത്തെ ഷൂട്ടിംഗ് ബാക്കി നില്‍ക്കെയായിരുന്നു പ്രണവിന് പരിക്കേല്‍ക്കുന്നത്. ഇക്കാരണത്താല്‍ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചതായും ജിത്തു ജോസഫ് അറിയിച്ചിരുന്നു. ഹൈദരാബാദിലും കൊച്ചിയിലും ഓരോ ദിവസത്തെ ഷൂട്ടിംഗാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്.

താരപുത്രന്‍ നായകനായെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അടുത്ത വര്‍ഷം ജനുവരി 26ന് ചിത്രം തിയേറ്ററുകളിലെത്തും. ഈ ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. 18 വര്‍ഷങ്ങള്‍ക്കു മുമ്ബാണ് ഇതേ ദിവസവുമായി ഒരു ബന്ധം ഒളിഞ്ഞിരിക്കുന്നത്. അതും മോഹന്‍ലാലുമായി. അതെ 18 വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റുകളില്‍ ഒന്ന് പുറത്തിറങ്ങുന്നത്. 2000 ജനുവരി 26നാണ് മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ നരസിംഹം തിയേറ്ററുകളിലെത്തിയത്. 18 വര്‍ഷം പിന്നിടുമ്ബോള്‍ ഇതേ ദിനത്തിലാണ് മകന്റെ ചിത്രവും തിയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുന്നത്.

ആദി ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായതിനാല്‍ പ്രണവ് പാര്‍ക്കൗര്‍ പരിശീലനവും നേടിയിരുന്നു. പ്രണവിന്റെ പാര്‍ക്കൗര്‍ പരിശീലനം തുടക്കം മുതല്‍ക്കേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പ്രണവിന്റെ ഫൈറ്റ് സീനുകളുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ആദിയില്‍ വന്‍ ഫൈറ്റും സസ്പന്‍സും ഒളിപ്പിച്ചു വെച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷന്‍ സീനുകളാണ് ആദിയുടെ ഹൈലൈറ്റ് എന്ന് ജിത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു.

അക്രോബാറ്റിക് സ്വഭാവമുള്ളൊരു ശാരീരിക അഭ്യാസമാണ് പാര്‍ക്കൗര്‍. ഓടിയും ചാടിയും വലിയ കെട്ടിടത്തില്‍ പിടിച്ച്‌ കയറിയും മറ്റും ശാരീരിക ക്ഷമതയും സാഹസികതയും വേഗതയും വേണ്ട വ്യായാമമാണ് പാര്‍ക്കൗര്‍. ജിംനാസ്റ്റിക്സില്‍ പരിശീലനം നേടുന്നതിനാല്‍ പ്രണവിന്റെ ശരീര ഭാഷ പാര്‍ക്കൗറിന് അനുയോജ്യമായ വിധത്തിലായിരിക്കുമെന്നും റോക്ക് ക്ലൈബ്ലിംഗ്, സ്കൈ ഡൈവിംഗ്, ജിംനാസ്റ്റിക്സ് എന്നിവയില്‍ പ്രാവീണ്യമുള്ളതിനാല്‍ പ്രണവിന് പാര്‍ക്കൗര്‍ എളുപ്പമായിരിക്കുമെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.
ചിത്രത്തിലേതു പോലെ തന്നെ പ്രണവിന്റെ കഥാപാത്രത്തിന്റെ പേരും ആദിയെന്നാണ്.

ആദിയെ റിവെഞ്ച് ത്രില്ലര്‍ സസ്പെന്‍സ് ത്രില്ലര്‍ എന്നീ വീഭാഗങ്ങളിലൊന്നും ഉള്‍പ്പെടുത്താനാകില്ലെന്നും പ്രേക്ഷകരെ തീര്‍ത്തും തൃപ്തിപ്പെടുത്തുന്ന തികഞ്ഞ എന്റര്‍ടെയ്നറാകും ആദിയെന്നും ജിത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ലെന, അനുശ്രീ, അദിതി എന്നിവരാണ് മൂന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇവരാരുമല്ല പ്രണവിന്റെ നായിക. പ്രണവിന്റെ നായികയെ കുറിച്ചോ മറ്റു കഥാപാത്രങ്ങളെ കുറിച്ചോ സംവിധായകന്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ സിദ്ദിഖ്, ഷറഫുദ്ദീന്‍, ഷിജു വില്‍സണ്‍, ടോണി ലൂക്, നോബി എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കും.
ഹൈദരബാദ് രാമോജി റാവു ഫിലിം സിറ്റി, ബനാറസ്, ബംഗളുരു, കൊച്ചി, പാലക്കാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം.

സം ലൈസ് ക്യാന്‍ ബീ ഡെഡ്ലി എന്ന ടാഗ് ലൈനാണ് ചിത്രത്തിന്. ജിത്തു ജോസഫിന്റെ ഒണ്‍പതാമത്തെ ചിത്രമാണ് ആദി. എട്ടു ചിത്രങ്ങള്‍ ചെയ്തപ്പോള്‍ ഇല്ലാത്ത ടെന്‍ഷനാണ് ആദി ചെയ്യുമ്ബോള്‍ താന്‍ അനുഭവിക്കുന്നതെന്നും ജിത്തു ജോസഫ് പറഞ്ഞിരുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂറാണ് നിര്‍മ്മാണം. മോഹന്‍ലാലിനെ കൂടാതെ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. അനില്‍ ജോണ്‍സനാണ് സംഗീതം.

ജിത്തു ജോസഫ് ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായ സാഹചര്യത്തില്‍ പ്രണവ് മോഹന്‍ലാല്‍ ചിത്രവും ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ഏവരും. ജിത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി, പാപനാശം തുടങ്ങീ ചിത്രങ്ങളില്‍ പ്രണവ് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.

അച്ഛന്റെ കൈ പിടിച്ചാണ് പ്രണവ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. മേജര്‍ രവിയുടെ ആദ്യ ചിത്രമായ പുനര്‍ജനിയിലൂടെ ബാലതാരമായി എത്തിയ പ്രണവിന് മികച്ച ബാലതാരത്തിനായുള്ള ദേശീയ പുരസ്കാരവും നേടിയിരുന്നു. തമ്ബി കണ്ണന്താനം-മോഹന്‍ലാല്‍ ചിത്രമായ ഒന്നാമനിലും ലാലിന്റെ ചെറുപ്പകാലവും പ്രണവ് അഭിനയിച്ചിരുന്നു. സാഗര്‍ ഏലിയാസ് ജാക്കിയിലും പ്രണവ് ചെറിയൊരു വേഷത്തില്‍ എത്തിയിരുന്നു. ശേഷം ജിത്തു ജോസഫിന്റെ സംവിധാന സഹായിയായി. പിന്നീട് ജിത്തു ജോസഫ് ചിത്രത്തില്‍ നായകനുമായി.

Leave a Reply