ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്സ് എന്നീ സിനിമകള്‍ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാര്‍ ലവ്. ചിത്രീകരണം തുടരുന്നതിനിടയിലാണ് അദ്ദേഹം സിനിമയിലെ ഗാനം പുറത്തുവിട്ടത്. നിമിഷനേരം കൊണ്ടാണ് ചിത്രത്തിലെ ഗാനം വൈറലായത്.
യൂട്യൂബ് ട്രെന്‍ഡിങ്ങിലും ഇന്‍സ്റ്റഗ്രാമിലും പിന്നീട് പ്രിയ പ്രകാശ് വാര്യരായിരുന്നു നിറഞ്ഞുനിന്നത്. മാണിക്യമലരായ പൂവിയെന്ന ഗാനവും പ്രിയയുടെ കണ്ണിറുക്കലും സൂപ്പര്‍ഹിറ്റാവുകയായിരുന്നു. റിലീസിന് മുന്‍പേ തന്നെ സിനിമയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുകയായിരുന്നു ഗാനത്തിലൂടെ. ഇതിന് ശേഷമാണ് ബോളിവുഡ് സിനിമകളുള്‍പ്പടെ നിരവധി സിനിമകളില്‍ അഭിനയിക്കാനുള്ള അവസരം പ്രിയയ്ക്ക് ലഭിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.
പ്രിയ പ്രകാശ് വാര്യരുടെ വരവ്
മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയാണ് പ്രിയയെ പ്രേക്ഷകര്‍ കണ്ടത്. സ്റ്റേജിലെ ഗാനത്തിനിടയില്‍ സഹപാഠിയെ നോക്കി കണ്ണിറുക്കുന്ന പ്രിയയേയും ഗാനത്തെയും പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകം തന്നെ ലോകം ഈ പാട്ടിനൊപ്പമായിരുന്നു. പ്രിയയുടെ പെര്‍ഫോമന്‍സിനെത്തുടര്‍ന്ന് സിനിമയുടെ കഥയില്‍ മാറ്റം വരുത്തിയെന്ന് സംവിധായകന് വ്യക്തമാക്കിയിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു പിന്നത്തെ താരം. അഭിനയം മാത്രമല്ല ആലാനപത്തിലും മികവുണ്ടെന്ന് പ്രിയ തെളിയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായത്.
സൂര്യയുടെ നായികയാവുന്നു
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ സൂര്യയുടെ 37ാമത്തെ ചിത്രത്തില്‍ നായികയായി പ്രിയ പ്രകാശ് വാര്യര്‍ എത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചത്. വളരെ പെട്ടെന്നാണ് ഇത് വൈറലായത്. ഏറെ പ്രിയപ്പെട്ട താരത്തിനൊപ്പം അഭിനയിക്കാന്‍ പ്രിയയ്ക്ക് അവസരം ലഭിച്ചതില്‍ ആരാധകരും അതീവ സന്തുഷ്ടരായിരുന്നു. എന്നാല്‍ സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. സ്ഥിരീകരണില്ലാത്ത റിപ്പോര്‍ട്ടുകളായിരുന്നു പ്രചരിച്ചിരുന്നത്.
സംവിധായകന്റെ പ്രതികരണം
സൂര്യ നായകനാക്കിയൊരുക്കുന്ന ചിത്രത്തില്‍ പ്രിയ പ്രകാശാണ് നായികയായി എത്തുന്ന തരത്തിലുള്ള പ്രചാരണത്തെക്കുറിച്ച് സംവിധായകന് കെവി ആനന്ദും കേട്ടിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പ്രതികരണം രേഖപ്പെടുത്തി അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. പ്രിയയെ നായികയാക്കുന്നതിനെക്കുറിച്ച് ആലചിച്ചിരുന്നില്ല. ചിത്രത്തിന് വേണ്ടി താരത്തെ സമീപിച്ചിട്ടുമില്ല. സൂപ്പര്‍ താരത്തെ നായികയാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ സൂര്യയുടെ നായികയായി താരമെത്തില്ലെന്നുറപ്പായിക്കഴിഞ്ഞിരിക്കുകയാണ്.
ബോളിവുഡില്‍ നിന്നും അവസരം
മാണിക്യ മലരായ പൂവി ഹിറ്റായതോടെ പ്രിയയുടെ തലവരയും മാറിയിരിക്കുകയാണ്. മുന്‍നിര സംവിധായകരുടെയും താരങ്ങളുടെയും ഒപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സ്ഥിരീകരണില്ലാത്ത റിപ്പോര്‍ട്ടുകളാണ് പലപ്പോഴും പ്രചരിക്കുന്നത്. രണ്‍വീര്‍ സിങ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രിയയ്ക്ക് അവസരം ലഭിച്ചിരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് സാറ അലിഖാനെയാണ് നായികയായി നിശ്ചയിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുകയായിരുന്നു.