പ്രിയദര്‍ശനും ലിസിയും വിവാഹമോചിതരായ സംഭവം ആരാധകരെ ഞെട്ടിച്ചിരുന്നു. സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന സമയത്താണ് പ്രിയദര്ശന് ലിസിയെ ജീവിതസഖിയാക്കുന്നത്. മുന്‍നിര അഭിനേത്രികളിലൊരാളായിരുന്നിട്ട് കൂടി ലിസിയും സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.1990 ലായിരുന്നു ലിസിയും പ്രിയദര്‍ശനും വിവാഹിതരായത്. 24 വര്‍ഷത്തിന് ശേഷം 2016 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. പരസ്പരം പഴി ചാരലുകളില്ലാതെ മാന്യമായാണ് ഇവര്‍ വേര്‍പിരിഞ്ഞത്. വേര്‍പിരിഞ്ഞതിന് ശേഷവും അടുത്ത സുഹൃത്തുക്കളായാണ് ഇവര്‍ കഴിയുന്നത്. ലിസിയുടെ പിറന്നാള്‍ ദിനത്തില്‍ പ്രിയദര്ശന് ഫേസ്ബുക്കിലൂടെ ആശംസ അറിയിച്ചിരുന്നു. പ്രിയദര്‍ശന്റെ മകള്‍ കല്യാണി ഇപ്പോള്‍ തെലുങ്ക് സിനിമയിലെ സ്വന്തം താരമായി മാറിയിരിക്കുകയാണ്. വിക്രം കുമാര്‍ സംവിധാനം ചെയ്ത ഹലോയില്‍ അഖില്‍ അക്കിനേനിയാണ് നായകനായി എത്തിയത്.അച്ഛനും അമ്മയും വഴി പിരിഞ്ഞത് മക്കളെ ബാധിക്കാറുണ്ട് പലപ്പോഴും. എന്നാല്‍ തന്റെ കാര്യത്തില്‍ അത്തരത്തിലൊരു കാര്യവും നടന്നിട്ടില്ലെന്ന് കല്യാണി പറയുന്നു.ഇങ്ങനെയൊരു അച്ഛനെയും അമ്മയേയും ലഭിച്ചതില്‍ താന്‍ അങ്ങേയറ്റത്തെ സന്തോഷവതിയാണെന്ന് താരം പറയുന്നു. അവരുടെ സ്നേഹവും കരുതലും കൃത്യമായി തനിക്ക് ലഭിക്കുന്നുണ്ടെന്നും താരപുത്രി വ്യക്തമാക്കുന്നു.തന്റെ സിനിമയുമായി ബന്ധപ്പെട്ട പരിപാടികളില്‍ സജീവസാന്നിധ്യമായി അവരെത്താറുണ്ട്. തന്റെ സിനിമയെ അഭിമാനത്തോടെയാണ് അവര്‍ പലര്‍ക്കും പരിചയപ്പെടുത്തുന്നതെന്നും കല്യാണി പറയുന്നു. ലിസിയെ ഇഷ്ടപ്പെടുന്ന ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായൊരു കാര്യമായിരുന്നു അടുത്തിടെ സംഭവിച്ചത്. കല്യാണി സിനിമയില്‍ തുടക്കം കുറിച്ചതിനോടൊപ്പം തന്നെ ലിസിയും സിനിമയിലേക്ക് തിരിച്ച് വരികയാണ്.
