96ന്റെ വിജയത്തിലൂടെ തെന്നിന്ത്യയില്‍ തരംഗമായ താരമാണ് ഗൗരി ജി കിഷന്. കഴിഞ്ഞ വര്‍ഷം പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി മാറിയ സിനിമയില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു ഗൗരി നടത്തിയത്. തൃഷയുടെ ചെറുപ്പകാലം അവതരിപ്പിച്ച കുട്ടി ജാനുവിനെ എല്ലാവരും ഏറ്റെടുത്തിരുന്നു. 96നു ശേഷം മലയാളത്തില്‍ അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചത്. ഇപ്പോഴിതാ വീണ്ടും കുട്ടി ജാനുവായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നടി.
96ന്റെ തെലുങ്ക് പതിപ്പില്‍ സാമന്തയുടെ കൗമാരകാലമാണ് ഗൗരി കിഷന് വീണ്ടും അവതരിപ്പിക്കുന്നത്. ഗൗരി തന്നെയായിരുന്നു ഈ വിവരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. കുട്ടി ജാനുവായി വീണ്ടും വേഷമിട്ടുനില്‍ക്കുന്ന ഒരു ചിത്രമാണ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സാമന്ത അക്കിനേനിയും ഷര്‍വാനന്ദുമാണ് 96 തെലുങ്ക് പതിപ്പില്‍ തൃഷയുടെയും വിജയ് സേതുപതിയുടെയും റോളുകളില്‍ എത്തുന്നത്.
തമിഴ് പതിപ്പ് സംവിധാനം ചെയ്ത സി പ്രേംകുമാര്‍ തന്നെ ചിത്രം തെലുങ്കിലും എടുക്കുന്നു. ഗോവിന്ദ് വസന്തയാണ് ഇത്തവണയും സംഗീതമൊരുക്കുന്നത്. സിനിമയുടെ ആദ്യ പോസ്റ്റര്‍ അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അതേസമയം അനുഗ്രഹീതന്‍ ആന്റണിയില്‍ സണ്ണി വെയ്ന്റെ നായികയായിട്ടാണ് ഗൗരി അഭിനയിക്കുന്നത്. നവാഗതനായ പ്രിന്‍സ് ജോയി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ തന്റെ ഭാഗങ്ങള്‍ അടുത്തിടെ നടി പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്നാണ് 96ന്റെ തെലുങ്ക് പതിപ്പില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്.