ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ അഭിനേത്രിയാണ് മോനിഷ . നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി വെള്ളിത്തിരയിലേക്ക് കടന്നുവന്ന മെലിഞ്ഞ പെണ്‍കുട്ടിയെ വളരെ പെട്ടെന്നുതന്നെയാണ് മലയാള സിനിമ ഏറ്റെടുത്തത്. കുറച്ചു സിനിമകളിലേ അഭിനയിച്ചിരുന്നുള്ളുവെങ്കിലും തന്റേതായ സ്ഥാനം ഉണ്ടാത്തിയെടുക്കാന് വളരെ പെട്ടെന്നു തന്നെ മോനിഷയ്ക്ക് കഴിഞ്ഞു.
ആദ്യ ചിത്രമായ നഖക്ഷതങ്ങള്‍ മുതല്‍ മോനിഷയ്ക്ക് വേണ്ടി ശബ്ദം നല്‍കിയിരുന്ന കലാകാരിയെക്കുറിച്ച് ശബ്ദകലയുടെ ആള്‍രൂപമായ ഭാഗ്യലക്ഷ്മിയാണ് വെളിപ്പെടുത്തിയിട്ടുള്ളത്. അങ്ങേയറ്റം തന്മയത്തത്തോടെ കഥാപാത്രമായി മാറുന്നതിനിടയില്‍ വാചിക പിന്തുണ നല്കുന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. താരങ്ങളുടെ പെര്ഫോമന്സിനുമപ്പുറത്ത് അവര്‍ക്ക് വേണ്ടി സംസാരിക്കുന്ന, കരയുന്ന, ചിരിക്കുന്ന ആര്‍ട്ടിസ്റ്റുകളെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍ പങ്കുവെക്കുകയാണ് ഭാഗ്യലക്ഷ്മി.
മോനിഷ സംസാരിച്ചിരുന്നത്
നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കത്തിന്റെ മകളായ അമ്പിളിയാണ് സ്ഥിരമായി മോനിഷയ്ക്ക് ശബ്ദം നല്‍കിയിരുന്നത്. നിഷ്കളങ്കതയുടെ പര്യായമായ നാടന്‍ കഥാപാത്രവുമായി മോനിഷ തിളങ്ങിയതെല്ലാം ഇവരുടെ ശബ്ദത്തിലാണ്.
നഖക്ഷതങ്ങള്‍ മുതല്‍
മോനിഷയ്ക്കൊപ്പം എംടി ഹരിഹരന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങള്‍ മുതല്‍ മോനിഷയ്ക്ക് ശബ്ദം നല്‍കിയത് അമ്പിളിയാണ്. ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള പുരസ്കാരം താരത്തിന് ലഭിച്ചിരുന്നു.
അധികമാര്‍ക്കും അറിയാത്ത കഥ പങ്കുവെച്ച് ഭാഗ്യലക്ഷ്മി
തനിക്ക് ലഭിച്ച കഥാപാത്രത്തെ അവിസ്മരണീയമാക്കുന്നതിന് അങ്ങേയറ്റം ആത്മാര്‍ത്ഥയോടെ കലാകാരന്മാര് പ്രവര്‍ത്തിച്ചാലും ഡബ്ബിംഗില്‍ ഒന്നു പിഴച്ചാല്‍ മതി സംഭവം മാറി മറിയാന്‍. സിനിമയില്‍ പലപ്പോഴും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കാറില്ലെന്ന് മുന്‍പേ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.
ശോഭന, ജോമോള്‍,ശാലിനി എല്ലാവരും അമ്പിളിയുടെ കൈയ്യില്‍ ഭദ്രം
മോനിഷയ്ക്ക് പുറമേ ശോഭന, ശാലിനി, ജോമോള്‍ എന്നിവര്‍ക്കു വേണ്ടിയും അമ്പിളി ശബ്ദം നല്‍കിയിട്ടുണ്ട്. സീരിയല്‍ രംഗത്തെ ശക്ത സാന്നിധ്യമായി അന്പിളി ഇപ്പോഴും ഡബ്ബിംഗില്‍ സജീവമാണ്.