ബോളിവുഡ് ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരസുന്ദരിയാണ് ദീപിക പദുകോണ്‍. ഷാറൂഖ് ഖാന് ചിത്രമായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം പിന്നീട് നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായാണ് ദീപിക കൂടുതലായും അഭിനയിച്ചിരുന്നത്. യേ ജവാനി ഹേ ദിവാനി ദീപികയുടെ കരിയറില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. രണ്‍ബീര്‍ കപൂര്‍ ദീപികയുടെ നായകനായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഗോലിയോം കീം രാംലീല രാസ്ലീല, പിക്കു, ബജ്രാവോ മസ്താനി,പദ്മാവത് തുടങ്ങിയ ചിത്രങ്ങളെല്ലാം ദീപികയുടെ കരിയറില്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളായിരുന്നു.
അടുത്തിടെ ബോളിവുഡിലെ തന്റെ ഇഷ്ട നടിയായ ശ്രീദേവിയെക്കുറിച്ചുളള ഓര്‍മ്മകള്‍ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ദീപിക വെളിപ്പെടുത്തിയിരുന്നു. സിനിമയ്ക്കു പുറത്തുളള ബന്ധമായിരുന്നു ഞങ്ങള്‍ തമ്മിലെന്നും ശ്രീദേവിയെന്ന വ്യക്തിയെ മറ്റു താരങ്ങളേക്കാള്‍ കൂടുതല്‍ അറിയാമെന്നുമാണ് ദീപിക പറഞ്ഞത്. മുംബൈയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന തന്നെ ശ്രീദേവി വളരെയധികം കരുതലോടെ നോക്കയിരുന്നുവെന്നും സ്വന്തം അമ്മയുടെ സ്ഥാനത്താണ് താന്‍ അവരെ കണ്ടിരുന്നതെന്നും ദീപിക പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത മരണം നടന്നിരുന്നത്. ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം ഞെട്ടലോടെയായിരുന്നു ശ്രീദേവിയുടെ മരണ വാര്‍ത്ത കേട്ടിരുന്നത്. ദുബായില്‍ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു ശ്രീദേവിയ്ക്ക് അപകട മരണം സംഭവിച്ചിരുന്നത്.
ശ്രീദേവി തന്നോട് അവസാനമായി പറഞ്ഞൊരു കാര്യവും ദീപിക അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘ഉഴിഞ്ഞിടൂ അല്ലെങ്കില്‍ കണ്ണു തട്ടുമെന്ന് ശ്രീദേവി തന്നോട് പറഞ്ഞുവെന്നും,എനിക്കായി നിങ്ങള്‍ അത് ചെയ്ത് തരുമോയെന്ന് താന്‍ തിരിച്ചു ചോദിച്ചതായും ദീപിക പറഞ്ഞു. ഞാന്‍ ചെയ്തു തരാമെന്ന് ശ്രീദേവി പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അവരുടെ മരണ വാര്‍ത്ത കേട്ടപ്പോള്‍ മനസ് മരവിച്ചു പോയെന്നും ദീപിക പറഞ്ഞു. ശ്രീദേവിയുമായി അടുത്ത ബന്ധമായിരുന്നു ദീപിക കാത്തുസൂക്ഷിച്ചിരുന്നത്. രണ്ടു പേരും തെന്നിന്ത്യയില്‍ നിന്ന് ബോളിവുഡിലെത്തിയത് കാരണമായിരുന്നു ശ്രീദേവി തന്നോട് അടുത്ത ബന്ധം പുലര്‍ത്തിയതെന്നും ദീപിക പറഞ്ഞിരുന്നു.