ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് അനുഷ്കാ ശര്‍മ്മ. ഷാരൂഖ് ഖാന് ചിത്രമായ രബ്ദേ ബനാ ദി ജോഡി എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ അനുഷ്ക പിന്നീട് ശ്രദ്ധേയ ചിത്രങ്ങള്‍ ചെയ്ത് ബോളിവുഡ് നായികമാരുടെ ഇടയില്‍ മുന്‍ നിരയിലെത്തിയിരുന്നു. അനുഷ്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച അധിക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. അനുഷ്ക ആമിര്‍ ഖാനൊപ്പം അഭിനയിച്ച പികെ ആഗോള തലത്തില്‍ വന്‍ കളക്ഷന്‍ നേടിയെടുത്തൊരു ചിത്രമായിരുന്നു. പികെയില്‍ മാധ്യമപ്രവര്‍ത്തകയായി എത്തിയ നടി ശ്രദ്ധേയ പ്രകടനമായിരുന്നു നടത്തിയിരുന്നത്.
തുടര്‍ന്നും നിരവധി ചിത്രങ്ങളില്‍ മികച്ച പ്രകടനം നടത്തിയ താരത്തിന്റെ വിവാഹം അടുത്തിടെയായിരുന്നു നടന്നത്. വിരാടിന്റെയും അനുഷ്കയുടെയും വിവാഹം സിനിമ,ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം നടന്നിരുന്നത്. വിവാഹത്തിനു ശേഷവും വിരുഷ്ക ദമ്പതികളുടെ വിശേഷങ്ങള്‍ എപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. വിവാഹ ശേഷം അനുഷ്ക അഭിനയ ജീവിതം അവസാനിപ്പിക്കുമെന്ന് എല്ലാവരും കരുതിയിരുന്നെങ്കിലും നടി വീണ്ടും സജീവമായി സിനിമാ തിരക്കുകളിലേക്ക് പോവുകയാണുണ്ടായത്. വിവാഹ ശേഷം പാരി എന്ന ഹൊറര്‍ ചിത്രമായിരുന്നു അനുഷ്കയുടെതായി പുറത്തിറങ്ങിയിരുന്നത്. പ്രോസിത് റോയ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് വലിയ സ്വീകരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. അനുഷ്കയുടെ തന്നെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പാരി.
ആരാധകരുടെ ഇഷ്ടതാരമായ അനുഷ്കയുടെ മുപ്പതാം പിറന്നാളായിരുന്നു ഇന്നലെ. അനുഷ്കയുടെ പിറന്നാള്‍ വലിയ പ്രാധാന്യത്തോടെയായിരുന്നു വിരാട് ആഘോഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ മുംബൈയ്ക്കെതിരെ ബാംഗ്ളുര്‍ നേടിയ വിജയം അനുഷ്കയ്ക്ക് സമര്‍പ്പിച്ചാണ് കോഹ്ലി ഭാര്യയുടെ പിറന്നാള്‍ ആഘോഷം നടത്തിയിരുന്നത്. തന്റെ പിറന്നാള്‍ മനോഹരമാക്കിയതിന് പ്രിയപ്പെട്ടവന് അനുഷ്ക നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ അനുഷ്ക നടത്തിയ വ്യത്യസ്തമായൊരു പ്രഖ്യാപനം ആരാധകരില്‍ ആഹ്ളാദമുണ്ടാക്കിയിരിക്കുകയാണ്.
സംരക്ഷിക്കാന്‍ ആളില്ലാത്ത മൃഗങ്ങള്‍ക്കായി മുംബൈയ്ക്ക് പുറത്ത് എവിടെയെങ്കിലും ഒരു ഷെല്‍റ്റര്‍ നിര്‍മ്മിക്കുമെന്നാണ് അനുഷ്ക അറിയിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി താന്‍ മനസില്‍ കൊണ്ടു നടക്കുന്ന മോഹമാണിതെന്നും നമ്മുടെ സഹജീവികള്‍ക്ക് സംരക്ഷണവും സ്നേഹവും നല്കുന്ന ലക്ഷ്യമാണ് ഈ പ്രഖ്യാപനത്തിനു പിന്നിലെന്നും അനുഷ്ക പറഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അനുഷ്ക പിറന്നാള്‍ ദിനത്തില്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.