വിവാഹത്തോടെ സിനിമയില്‍ നിന്നും അകലുന്ന പതിവ് തന്നെയായിരിക്കുമോ നസ്രിയയും ആവര്‍ത്തിക്കുന്നതെന്നായിരുന്നു ആരാധകരുടെ ആശങ്ക. മികച്ച സിനിമ ലഭിച്ചാല്‍ താന്‍ തിരിച്ചെത്തുമെന്ന് താരം അന്നേ അറിയിച്ചിരുന്നു. നസ്രിയ അഭിനയിക്കുന്നതില്‍ തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് ഫഹദും വ്യക്തമാക്കിയിരുന്നു. എന്നിട്ടും സമയമെടുത്തു സിനിമാലോകം കാത്തിരുന്ന ആ തിരിച്ചുവരവിനെക്കുറിച്ചാണ് പറഞ്ഞത്. അഞ്ജലി മേനോന് ചിത്രത്തിലൂടെ താന്‍ തിരിച്ചുവരികയാണെന്ന് നസ്രിയ തന്നെ സ്ഥിരീകരിച്ചതോടെ ആരാധകരുടെ ആവേശം ഇരട്ടിച്ചു. ദുല്‍ഖറിന്റെ നായികയായി താരം എത്തുന്നുവെന്ന തരത്തിലായിരുന്നു നേരത്തെയുള്ള പ്രചാരണം. എന്നാല്‍ പിന്നീട് നസ്രിയ തന്നെ വ്യക്തമാക്കുകയായിരുന്നു ഇതേക്കുറിച്ച്.
പൃഥ്വിരാജ്, പാര്‍വതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ സുപ്രധാന വേഷം അവതരിപ്പിച്ചാണ് താരപത്നി തിരിച്ചെത്തുന്നത്. പൃഥ്വിരാജിന്റെ സഹോദരിയായാണ് താരം വേഷമിടുന്നത്. സിനിമയില്‍ ജോയിന്‍ ചെയ്തതിനെക്കുറിച്ചും ലൊക്കേഷനിടയിലെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. നസ്രിയയുടെ പിറന്നാളും ലൊക്കേഷനില്‍ വെച്ച് ആഘോഷിച്ചിരുന്നു. ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഈ സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിന് ശേഷമാണ് ഇതുപോലൊരു സഹോദരിയെ ലഭിച്ചിരുന്നുവെങ്കിലെന്ന് പൃഥ്വി കുറിച്ചത്.
നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രത്തെക്കുറിച്ചുള്ള പുതിയ വിശേഷം പുറത്തുവന്നിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെന്നും പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജൂലൈയില്‍ സിനിമ തിയേറ്ററുകളിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.