മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ മികച്ച സിനിമകളിലൊന്നായ ബ്ലാക്കില്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ താന്‍ അഭിനയിച്ചത് എന്തുകൊണ്ടാണെന്ന് ബിഗ് ബി അമിതാഭ് ബച്ചന് ഒടുവില്‍ വെളിപ്പെടുത്തി. സിനിമ റിലീസ് ചെയ്ത് 12 വര്‍ഷം തികഞ്ഞ ശനിയാഴ്ചയാണ് തന്റെ ബ്ലോഗില്‍ ഇതേക്കുറിച്ച് അദ്ദേഹം തുറന്നെഴുതിയത്.
ബന്‍സാലിയുടെ സിനിമയില്‍ അഭിനയിക്കുകയെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നെന്നും ഒരു അവസരം വന്നപ്പോള്‍ താന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയതുമില്ലെന്നും ബച്ചന് പറയുന്നു. മനോഹരമായ ഒരു സിനിമയുടെ ഭാഗമാവുകയാണ് താനെന്ന് മനസിലായതോടെ അതില്‍ ഭാഗമാകുന്നത് തന്നെയാണ് തനിക്ക് ലഭിക്കുന്ന പ്രതിഫലം എന്നു മനസിലാക്കുകയായിരുന്നു.
സിനിമയുടെ പ്രീമിയര്‍ ഷോയ്ക്ക് മുന്‍കാല നടന് ദിലീപ് കുമാര്‍ എത്തിയതിനെക്കുറിച്ചും ഓര്‍ത്തെടുത്തു. പ്രീമിയര്‍ വ്യൂ കഴിഞ്ഞപ്പോള്‍ തനിക്ക് കണ്ണീരടക്കാനായില്ല. സിനിമ കളിഞ്ഞശേഷം ദിലീപ് കുമാര്‍ പുറത്ത് തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തന്റെ കൈപിടിച്ച് അഭിനന്ദിച്ചത് ഒരിക്കലും മറക്കില്ലെന്നും ബച്ചന് പറഞ്ഞു.
12 വര്‍ഷങ്ങളായെങ്കിലും സിനിമയുടെ ഷൂട്ടിങ് വേളയിലെ നിമിഷങ്ങള്‍ തനിക്ക് ഇപ്പോഴും ഓര്‍മയിലുണ്ട്. തന്റെ സിനിമാ ജീവിതത്തിലെ മഹത്തായ ഒരു ഭാഗമാണ് ബ്ലാക്ക് എന്നും ബച്ചന് പറഞ്ഞു. ഹെലന് കെല്ലറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ റാണി മുഖര്‍ജിയാണ് നായിക. കാഴ്ച ശക്തിയും കേള്‍വിയുമില്ലാത്ത നായികയുടെ അധ്യാപകനായാണ് ബച്ചന് സിനിമയില്‍ വേഷമിട്ടത്.