വിജയ്-അറ്റ്ലീ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു മെര്‍സല്‍. 2017ല്‍ പുറത്തിറങ്ങിയ സിനിമയെ ആരാധകരും പ്രേക്ഷകരും ഒന്നടങ്കം ഏറ്റെടുത്തിരുന്നു. വിജയുടെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായും സിനിമ മാറിയിരുന്നു. മെര്‍സലില്‍ വിജയുടെ മകനായി വേഷമിട്ട അക്ഷതിനെയും എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു.
സിനിമയില്‍ വിജയ്ക്കും നിത്യ മേനോനുമൊപ്പം വളരെ കുറച്ച് സീനുകളിലാണ് കുട്ടിതാരം എത്തിയിരുന്നത്. അക്ഷതിന്റെ ഇത്തവണത്തെ പിറന്നാളിന് വിജയ് നല്കിയ സമ്മാനം വൈറലായി മാറിയിരുന്നു. കുട്ടിതാരത്തിന് പിറന്നാള്‍ സമ്മാനമായി ദളപതി നല്‍കിയത് പൊളറോയിഡ് ക്യാമറയായിരുന്നു.
അക്ഷതിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്. ദളപതി 63 ഷൂട്ടിംഗിനിടെയായിരുന്നു അക്ഷതിനുളള സമ്മാനം വിജയ് നല്‍കിയത്. ചെന്നൈയിലാണ് സിനിമയുടെ ഷൂട്ടിംഗ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തെറി,മെര്‍സല്‍ തുടങ്ങിയ ചിത്രങ്ങളുടെ വലിയ വിജയത്തിന് ശേഷമാണ് വിജയ് അറ്റ്ലീ കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നത്. നയന്‍താര നായികയാവുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്ലുക്ക് പോസ്റ്ററും ദളപതിയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22നാണ് പുറത്തുവരുന്നത്.