tovino-thomas-reply-about-stardum-enjoying
Featured

വീട്ടിലേക്ക് വരുന്നത് വീട്ടുകാര്‍ക്ക് ശല്യമായോ എന്ന് പോലും ചിന്തിച്ചുപോയെന്ന് ടൊവിനോ തോമസ്!

സിനിമയാണ് ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ് അതിനായി നീങ്ങുമ്പോള്‍ ഈ തീരുമാനം ശരിയാവുമോയെന്ന തരത്തിലുള്ള ആശങ്കള്‍ അലട്ടിയിരുന്നതായി ടൊവിനോ തോമസ് പറഞ്ഞിരുന്നു. ഭാര്യ ശക്തമായ പിന്തുണ നല്‍കിയിരുന്നുവെങ്കിലും ഈ തീരുമാനത്തില്‍ വീട്ടുകാര്‍ യോജിച്ചിരുന്നില്ല. തുടക്കത്തില്‍ കയ്‌പേറിയ ചില അനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിരുന്നുവെങ്കിലും പില്‍ക്കാലത്ത് സിനിമ ടൊവിനോയെ ചേര്‍ത്തുപിടിക്കുകയായിരുന്നു. വില്ലനായിത്തുടങ്ങി മുന്‍നിരയിലേക്കെത്തിയ താരത്തിന് മികച്ച അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് താരമിപ്പോള്‍. നായകനായി മാത്രമല്ല അഭിനയപ്രാധാന്യമുള്ള ഏത് വേഷവും തന്നില്‍ ഭദ്രമായിരിക്കുമെന്ന് ഈ താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ശക്തമായ ആരാഝകപിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരം എന്നതിനും അപ്പുറത്ത് സാധാരണക്കാരനായ മനുഷ്യനാണ് താനെന്ന് അദ്ദേഹം പറയുക മാത്രമല്ല അത് തെളിയിച്ച സന്ദര്‍ഭവുമുണ്ടായിരുന്നു.

വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടി

അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി താരം നേരിട്ടിറങ്ങിയിരുന്നു. ചുറ്റുമുള്ളവര്‍ ഭീതിയോടെ കഴിയുമ്പോള്‍ താനെങ്ങനെ മനസമാധാനത്തോടെ വീട്ടിലിരിക്കുമെന്നായിരുന്നു താരം ചോദിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി നേരിട്ടിറങ്ങിയ താരത്തെ അഭിനന്ദിച്ച് ആരാധകരുമെത്തിയിരുന്നു. പതിവ് പോലെ തന്നെ എന്തിനും നെഗറ്റീവ് കാണുന്നവര്‍ താരത്തിന്റെ പ്രവര്‍ത്തിയെ സിനിമാപ്രമോഷനായി വരെ വിമര്‍ശിച്ചിരുന്നുവെന്നുള്ളത് പിന്നീടുള്ള സംഭവം. മുന്‍നിര നായകനായി മാറിയതിന് പിന്നാലെയാണ് വീട്ടിലക്കുള്ള തന്റെ വരവില്‍ വീട്ടുകാര്‍ അസ്വസ്ഥരാവുന്നുണ്ടോയെന്ന് ചിന്തിച്ചതെന്ന് താരം അടുത്തിടെ പറഞ്ഞിരുന്നു. ആദ്യം അമ്പരപ്പാണ് തോന്നുന്നതെങ്കിലും അദ്ദേഹം ഇങ്ങനെ പറഞ്ഞതിന് പിന്നിലെ കാരണത്തെക്കുറിച്ച് മനസ്സിലാക്കിയാല്‍ പ്രത്യേകിച്ച് ആശ്ചര്യമൊന്നും തോന്നില്ല.

വാച്ച്മാനെ വെക്കണമെന്ന് തോന്നിയിരുന്നില്ല

സ്വന്തം ജീവിതത്തില്‍ വിഷമങ്ങളോ അപ്രതീക്ഷിത പ്രതിസന്ധികളോ ഒക്കെ സംഭവിച്ചാല്‍ പോലും മറ്റുള്ളവര്‍ക്ക് അതൊന്നും വിഷയമല്ലെന്നും താരം പറയുന്നു. ഇതിനോട് ചേര്‍ത്താണ് കഴിഞ്ഞ ദിവസത്തെ അനുഭവത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞത്. വീടിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അടുക്കളയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു താന്‍. അതിനിടയിലാണ് ഒരു പയ്യന്‍ വന്ന് തനിക്കരികില്‍ കസേരയിട്ടിരുന്നത്. 20 വയസ്സിനടുപ്പിച്ചേ പ്രായം വരൂ. വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ഫോട്ടോഗ്രാഫറാണ്, ഫോട്ടോ എടുക്കണം കഥ പറയണം, ഇതായിരുന്നു അവന്റെ ആവശ്യം.

വീട്ടുകാര്‍ക്ക് ശല്യമാവുമോ?

എല്ലാം സമ്മതിക്കാം. എന്നാല്‍ കോളിംഗ് ബെല്ല് പോലും അടിക്കാതെ, അനുവാദം ചോദിക്കാതെ എങ്ങനെ അകത്തേക്ക് കയറിയെന്ന കാര്യമാണ് തന്നെ ആശ്ചര്യപ്പെടുത്തിയതെന്നും താരം പറയുന്നു. മുന്‍പൊരിക്കലും വാച്ച്മാനെ വെക്കുന്ന കാര്യത്തെക്കുറിച്ച് തീരുമാനിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അത് തോന്നുന്നുവെന്നും വീട്ടുകാര്‍ക്ക് ഇതൊരു ശല്യമാവുമോയെന്ന് പോലും ചിന്തിച്ച് പോയെന്നും താരം പറയുന്നു. താന്‍ വീട്ടിലേക്ക് വരുന്നത് അവര്‍ക്ക് ശല്യമാവുന്നുണ്ടോയെന്ന് ചിന്തിച്ചതിന് പിന്നിലെ കാരണം ഇതായിരുന്നു.

മികച്ച അവസരങ്ങള്‍

നായകനായും സഹനടനായും അതിഥിയായുമൊക്കെ പ്രത്യക്ഷപ്പെടാന്‍ തയ്യാറാണ് താനെന്ന് ടൊവിനോ എത്രയോ മുന്‍പ് തന്നെ തെളിയിച്ചതാണ്. മികച്ച അവസരങ്ങളാണ് ഈ താരത്തെ തേടിയെത്തുന്നതെല്ലാം. ജൂണില്‍ 3 സിനിമകളാണ് ഈ താരത്തിന്റേതായി പുറത്തിറങ്ങുന്നത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ ആരാധകര്‍ ഏറ്റെടുത്ത ചിത്രങ്ങള്‍ കൂടിയാണ് ഇവയെല്ലാം. വന്‍താരനിരയെ അണിനിരത്തി ആഷിഖ് അബു സംവിധാനം ചെയ്ത വൈറസില്‍ പ്രധാനപ്പെട്ട വേഷമാണ് ടൊവിനോയ്ക്ക് ലഭിച്ചത്. ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു, ലൂക്ക ഈ സിനിമകളും ജൂണില്‍ ടൊവിനോയുടേതായി ഇറങ്ങുന്നുണ്ട്.

വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടി

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ടൊവിനോ തനിക്ക് നേരെ ഉയര്‍ന്നുവന്ന അനാവശ്യ വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടിയാണ് നല്‍കാറുള്ളത്. പ്രശസ്തിക്ക് വേണ്ടിയാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതെന്നായിരുന്നു നേരത്തെ ഉയര്‍ന്നുവന്ന പ്രധാന വിമര്‍ശനം. താനങ്ങനെ കരുതുന്നില്ലെന്നും ഇക്കാര്യത്തെ വിലയിരുത്തി ഒരാള്‍ പോലും തന്റെ സിനിമകള്‍ കാണേണ്ടതിലെന്നുമായിരുന്നു അന്ന് താരം പറഞ്ഞത്. നിപ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ജാഗ്രത നിര്‍ദേശം പങ്കുവെച്ച താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. സിനിമയുടെ പ്രമോഷനല്ലേ ഇതെന്നായിരുന്നു ചോദ്യം. അങ്ങനെ തോന്നുന്നുവെങ്കില്‍ സിനിമ കാണാതിരുന്നോളൂ എന്നായിരുന്നു താരം നല്‍കിയ മറുപടി.

Leave a Reply