തെലുങ്ക് സിനിമയില്‍ റോമാന്റിക് ഹീറോ ആയിരുന്ന പ്രഭാസ് ബാഹുബലിയിലൂടെയാണ് ലോക പ്രശസ്തനാവുന്നത്. ഇന്ത്യന്‍ സിനിമാലോകത്ത് വിസ്മയമായി തീര്‍ന്ന ബാഹുബലിയിലെ കേന്ദ്രകഥാപാത്രം പ്രഭാസ് ആയിരുന്നു. സിനിമ ഹിറ്റായതോടെ ബോക്സോഫീസില്‍ ആയിരം കോടിയും അതിനപ്പുറവും സ്വന്തമാക്കിയിരുന്നു. ഇതെല്ലാം പ്രഭാസിന്റെ കൂടി വിജയമായിരുന്നു. ബാഹുബലിയ്ക്ക് ശേഷമാണ് താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ആലോചനകള്‍ വാര്‍ത്തകളാവുന്നത്.
ബാഹുബലിയിലെ നായികയായ അനുഷ്കയുമായി പ്രഭാസ് പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം കഴിക്കുമെന്നുമെല്ലാം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും പ്രണയമല്ലെന്നും ഇരുവരും വ്യക്തമാക്കി. പിന്നാലെ പ്രഭാസും തെലുങ്കിലെ പ്രമുഖ ബിസിനസുകാരന്റെ മകളുമായി വിവാഹം നിശ്ചയിച്ചെന്ന വാര്‍ത്തകളെത്തി. ഗോസിപ്പുകള്‍ പോലെ പ്രഭാസിന്റെ വിവാഹക്കാര്യം പ്രചരിച്ചിരുന്നു എന്നല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല.
ഇപ്പോഴിതാ പ്രഭാസിന്റെ വിവാഹം നീണ്ട് പോയതിനൊരു കാരണമുണ്ടെന്ന് കണ്ടെത്തലുകള്‍ വന്നിരിക്കുകയാണ്. നിലവില്‍ പ്രഭാസ് നായകനായി അഭിനയിക്കുന്നത് സഹോ എന്ന ചിത്രത്തിലാണ്. ചിത്രീകരണം ആരംഭിച്ചിട്ട് രണ്ട് വര്‍ഷത്തിന് മുകളിലായ സഹോ ഇനിയും തിയറ്ററുകളിലേക്ക് എത്തിയിട്ടില്ല. ഇതാണ് പ്രഭാസിന്റെ വിവാഹവും മറ്റ് സിനിമകളുമെല്ലാം വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. സഹോയ്ക്ക് ശേഷം ജാന്‍ എന്നൊരു ചിത്രം കൂടി പ്രഭാസിന്റേതായി വരാനിരിക്കുകയാണ്.