ഈടയിലെ വിശേഷങ്ങളുമായി ഷൈന്‍ നിഗവും നിമിഷയും കലോത്സവ വേദിയില്‍. കണ്ണൂരിന്റ രാഷ്ട്രീയ പശ്ചാത്തലം ഇതിവൃത്തമാക്കി തയ്യാറാക്കിയ ചിത്രം നിരൂപക പ്രശംസ നേടി മുന്നേറുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഇരുവരും റിപ്പോര്‍ട്ടറോട് പറഞ്ഞു. 80കളിലെ ചിത്രങ്ങളുമായി ഈടയെ താരതമ്യം ചെയ്ത് സംസാരിക്കുന്നത് തന്നെ അഭിനന്ദനവുമായി കാണുന്നു.
സിനിമ കണ്ട് ഒരുപാട് പേര് വിളിച്ച് അഭിനന്ദിച്ചു. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് കണ്ണൂരില്‍ പോയിരുന്നു. കാലിക പ്രസക്തിയുള്ള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും ഷൈന്‍ പറഞ്ഞു. സിനിമയ്ക്കു വേണ്ടി പരിശ്രമിച്ചതായി ഓര്‍മ്മയില്ലെന്നും സിനിമ തനിയെ തന്നിലേക്ക് വന്നു ചേരുകയായിരുന്നുവെന്നും ഷൈന്‍ പറഞ്ഞു.
വാപ്പച്ചിയുടെ ട്രൂപ്പ് റിഹേഴ്സലുകളുമായി ബന്ധപ്പെട്ട മുന്‍പ് ടീമംഗങ്ങളില്‍ ചിലര്‍ വീട്ടില്‍ താമസിച്ചിരുന്നതും മറ്റും ഓര്‍മ്മയുണ്ട്. അദ്ദേഹത്തിന്റെ അഭീനയ പാരമ്ബര്യം എങ്ങനെയാണ് സ്വാധീനിച്ചതെന്ന് ചോദിച്ചാല്‍ അത് വ്യക്തമായി വിവരിക്കാന്‍ അറിയില്ലെന്നും ഷൈന്‍ പറഞ്ഞു.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റാനായതില് ഏറെ സന്തോഷമുണ്ടെന്ന് നിമിഷ പ്രതികരിച്ചു. ഇനി മലയാള സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ലക്ഷ്യമിടുന്നത്. അഭിനയത്തിനുള്ള സൗകര്യത്തിനായി ഇപ്പോള്‍ എറണാകുളത്തേക്ക് താമസം മാറ്റിയിരിക്കുകയാണെന്നും നിമിഷ പറഞ്ഞു. ഓഡിഷന് വഴിയാണ് തൊണ്ടിമുതലിലേക്കുത്തുന്നത്. രാജീവ് രവി വഴിയാണ് ഈടയിലേക്ക് എത്തുന്നത്.
മധുപാലിന്റെ സിനിമയാണ് അടുത്തതായി അഭിനയിക്കുന്നത്. അതിനു ശേഷം ചാക്കോച്ചനൊപ്പമുള്ള സിനിമയുടെ ചിത്രീകരണമുണ്ടാകും. മലയാളം തുടക്കത്തില്‍ ബുദ്ധിമുട്ടായിരുന്നു. തൊണ്ടിമുതലില്‍ അഭിനയിക്കുന്ന സമയത്ത് ഭാഷ പ്രശ്നമായിരുന്നു. പക്ഷേ രണ്ട് സിനിമകള്‍ കഴിഞ്ഞതോടെ കുഴപ്പമില്ലെന്നായി. ഇപ്പോള്‍ വീട്ടിലും എല്ലാവരും മലയാളമാണ് സംസാരിക്കുന്നത്. മൂന്നാമത്തെ സിനിമയില്‍ സ്വന്തമായി ഡബ്ബ് ചെയ്തോളാന്‍ സംവിധായകന് അനുവാദം നല്‍കിയിട്ടുണ്ടെന്നും നിമിഷ പറഞ്ഞു.