ഒരു കാലത്ത് ബോളിവുഡ് സിനിമാ ലോകത്ത് ശ്രദ്ധേയയായിരുന്നു സരിക. കമല്‍ ഹസനുമായുള്ള വിവാഹം കഴിഞ്ഞതോടെയാണ് സരിക സിനിമയില്‍ നിന്നും വിട്ടു നിന്നത്. 2004 ല്‍ കമലുമായി വേര്‍പിരിഞ്ഞതിന് ശേഷം വിരലിലെണ്ണാവുന്നത്ര സിനിമകള്‍ മാത്രമേ സരിക ഏറ്റെടുത്തിട്ടുള്ളൂ.എന്നാലിന്ന് ജീവിതവും സ്വത്തുക്കളും നഷ്ടപ്പെട്ട് നില്‍ക്കുകയാണ് സരിക. അമ്മ മരണപ്പെട്ടതോടെയാണ് സരിക പ്രതിസന്ധിയിലായിരിയ്ക്കുന്നത്. അമ്മയുടെ വില്‍പ്പത്രത്തില്‍ മുംബൈ ജുഹുവിലെ ഫഌറ്റ് ഉള്‍പ്പടെ മുഴുവന്‍ സ്വത്തുക്കളും കുടുംബ സുഹൃത്തായ ഡോ. വിക്രം ധാക്കൂറിനാണ് എഴുതി വച്ചിരിയ്ക്കുന്നത്.സരികയുടെ അവസ്ഥയറിഞ്ഞ് സഹായവുമായി എത്തിയിരിയ്ക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍. ആമീറിന്റെ ഇളയ സഹോദരിയും ഇമ്രാന്‍ ഖാന്റെ അമ്മയുമായ നുസത്തിന്റെ അടിത്ത സുഹൃത്താണ് സരിക.ബാലതാരമായി 60 കളിലാണ് സരിക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതും ആണ്‍കുട്ടിയുടെ വേഷത്തില്‍. മജ്‌ലി ഡിഡി എന്ന ചിത്രത്തില്‍ ആണ്‍കുട്ടിയായിട്ടാണ് സരിക എത്തിയത്. ഹമ്രാസ് എന്ന ചിത്രത്തിന് ശേഷമാണ് സരിക ബേബി സരിക എന്ന പേരില്‍ ശ്രദ്ധിക്കപ്പെട്ടത്.അപ്പോഴേക്കും സരിക കമല്‍ ഹസനുമായി പ്രണയത്തിലായിരുന്നു. ആ പ്രണയ ബന്ധത്തില്‍ 1986 ല്‍ കമലിനും സരികയ്ക്കും ശ്രുതി ഹസന്‍ ജനിച്ചു. ശ്രുതിയുടെ ജനന ശേഷം സരിക സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്തു.ശ്രുതിയ്ക്ക് രണ്ട് വയസ്സായപ്പോഴാണ് കമലും സരികയും ഔദ്യോഗികമായി വിവാഹം കഴിച്ചത്. 1988 ല്‍ കമലുമായുള്ള വിവാഹം കഴിഞ്ഞ സരിക ചെന്നൈയിലേക്ക് താമസം മാറി. പിന്നീട് അക്ഷരയും ജനിച്ചു.ചെറിയ വയസ്സിലേ അച്ഛന്‍ ഉപേക്ഷിച്ചു. ഭര്‍ത്താവിനാലും ഉപേക്ഷിക്കപ്പെട്ടു. മരണ ശേഷം അമ്മയും കൈവിട്ടു… ഒറ്റയ്ക്കാണ് സരിക ഇപ്പോള്‍. മകള്‍ ശ്രുതി ഹസന് മുംബൈയില്‍ സ്വന്തമായി ഫഌറ്റുണ്ട്. അക്ഷര ഹസന്‍ കമലിനൊപ്പം ചെന്നൈയിലാണ് താമസം.