ചരിത്ര പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്കെല്ലാം പൊതുവെ മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ഉറ്റുനോക്കിയൊരു പ്രഖ്യാപനമായിരുന്നു കേരളപ്പിറവി ദിനത്തില്‍ നടന്നത്. മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാറിനെ നായകനാക്കി പ്രിയദര്ശന് കുഞ്ഞാലി മരക്കാര്‍ ഒരുക്കുന്നുവെന്നായിരുന്നു പ്രഖ്യാപിച്ചത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഈ കൂട്ടുകെട്ട് ഒരുമിച്ചെത്തുന്നതില്‍ ആരാധകരും അതീവ സന്തോഷത്തിലായിരുന്നു. സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്ന് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ മറ്റൊരു പ്രഖ്യാപനവുമായി ഷാജി നടേശനെത്തി.
മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയൊരുക്കുന്നുണ്ടെന്നും ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങിയെന്നുമാണ് അദ്ദേഹം അറിയിച്ചത്. താരരാജാക്കന്മാര് ഒരേ പേരിലുള്ള സിനിമയും കഥാപാത്രവുമായി എത്തിയാല്‍ എങ്ങനെയിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു പിന്നീട് അരങ്ങേറിയത്. സോഷ്യല്‍ മീഡിയയില്‍ വന്‍ചര്‍ച്ചയായിരുന്നു ഇതുമായി ബന്ധപ്പെട്ട് നടന്നത്. സന്തോഷ് ശിവന്റെ ട്വീറ്റ് ഇപ്പോള്‍ വാര്‍ത്തകളിലിടം നേടിയിരിക്കുകയാണ്.

ഷാജി നടേശനും സന്തോഷ് ശിവനും ചേര്‍ന്നാണ് കുഞ്ഞാലി മരക്കാര്‍ ഒരുക്കുന്നതെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം സിന് എന്ന ചിത്രത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ജാവേദ് ജെഫ്രിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ഭാഷകളിലായാണ് അദ്ദേഹം ചിത്രമൊരുക്കുന്നത്.
ഫസ്റ്റ് ലുക്ക് പോസ്റ്ററും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതോടെയാണ് നേരത്തെ പ്രഖ്യാപിച്ച പ്രൊജക്ടിന്റെ കാര്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉടലെടുത്തത്. കുഞ്ഞാലി മരക്കാറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് പുതിയ സംഭവ വികാസങ്ങള്‍.