സാന്ദ്ര തോമസ് വിജയ് ബാബു തര്‍ക്കം അജുവിന്റെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിലേയ്ക്ക്

ചലച്ചിത്ര താരങ്ങളും നിര്‍മ്മാതാക്കളുമായ വിജയ് ബാബുവും സാന്ദ്ര തോമസും തമ്മിലുള്ള പരസ്യപ്പോരുകള്‍ക്കും പടലപിണക്കങ്ങള്‍ക്കും ക്ലൈമാക്സ്. ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പിലേയ്ക്ക്. എളമക്കര പൊലീസ് സ്റ്റേഷനില്‍ വിജയ് ബാബുവിനെതിരെ കൊടുത്ത കേസ് പിന്‍വലിക്കാന്‍ സാന്ദ്ര തീരുമാനിച്ചു. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ ഹൈക്കോടതിയില്‍ ക്യാഷ് പെറ്റീഷന്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അജുവര്‍ഗ്ഗീസിന്റെ മധ്യസ്ഥതയില്‍ തര്‍ക്ക പരിഹാരം

എളമക്കര പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. കോടതി നിര്‍ദ്ദേശം വരുന്ന മുറയ്ക്ക് കേസ് അവസാനിപ്പിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

അജു വര്‍ഗീസിന്റെ മധ്യസ്ഥതയിലാണ് ഇരുതാരങ്ങളും ഒത്തുതീര്‍പ്പിലെത്തിയത്.

വിജയ് ബാബു അഞ്ചര കോടി വിലവരുന്ന സ്വത്തുകളടം സാന്ദ്രയ്ക്ക് നല്‍കും

ഒത്തു തീര്‍പ്പ് വ്യവസ്ഥ അനുസരിച്ച്‌ ഫ്രൈഡേ ഫിലിംസില്‍ സ്ഥിതി ചെയ്യുന്ന കലൂരിലെ ഓഫീസും വസ്തുവുമടക്കം അഞ്ചരക്കോടി വിലവരുന്ന സ്വത്തുക്കള്‍ വിജയ്ബാബു സാന്ദ്രയുടെ പേര്‍ക്ക് എഴുതി നല്‍കും. കൂടാതെ കമ്ബിനിയിലെ സാന്ദ്രയുടെ നിക്ഷേപവും ലാഭവിഹിതവും അടക്കം ഒരു കോടിയുടെ ലിക്വഡ് കാഷും നല്‍കും. കമ്ബിനി കടുത്ത പ്രതിസന്ധിയിലായതിനാല്‍ ചില ബന്ധുക്കളുടെ സഹായാത്താലാണ് വിജയ് ബാബു പണം കൊടുത്തു തീര്‍ക്കാന്‍ ശ്രമിക്കുന്നത്.

സാന്ദ്രയുടെ ലക്ഷ്യം മൂന്ന് ആശുപത്രികള്‍

സാന്ദ്ര തോമസ് ഈ പണവും സ്വത്തും ലഭിക്കുന്ന മുറക്ക് ഭര്‍ത്താവ് വില്‍സണുമായി ചേര്‍ന്ന് മൂന്ന് ആശുപത്രിഖള്‍ തുടങ്ങാനാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു.

തര്‍ക്കത്തിന് കാരണം സാന്ദ്രയുടെ ഭര്‍ത്താവ്

സാന്ദ്ര തോമസും വിജിയ് ബാബുവും തമ്മിലുണ്ടായ പ്രശ്നത്തിന് കാരണം സാന്ദ്രയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ വില്‍സണ്‍ തോമസാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹം കഴിഞ്ഞതോടെ സ്വന്തം നിലയില്‍ നിര്‍മ്മാണ കമ്ബനി നടത്താനാണ് സാന്ദ്ര ആഗ്രഹിച്ചത്. തുടര്‍ന്ന് ഏറെ നാളായി ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തു. അങ്കമാലിയിലെ ഡയറിയുടെ നിര്‍മ്മാണം പകുതിയായപ്പോള്‍ സാന്ദ്ര സഹകരിക്കാതെയായി. ഇതായിരുന്നു വിജയബാബുവിനെ പ്രകോപിച്ചത്.

സാന്ദ്രയ്ക്ക് വിജയ് ബാബുവിന്റെ മര്‍ദ്ദനവും കേസും

വിജയ് ബാബു സാന്ദ്രയെ മര്‍ദ്ദിച്ചത് സംബന്ധിച്ച്‌ സാന്ദ്ര പൊലീസില്‍ പരാതി കൊടുത്തിരുന്നില്ല. സാന്ദ്ര ചികിത്സ നേടിയ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നത്. തുടര്‍ന്ന് വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

ഒന്നിച്ചുള്ള നിര്‍മ്മാണവും തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളും

സാന്ദ്ര തോമസ് ഫ്രൈഡേ കമ്ബനിയുടെ സിഇഒയും മാനേജിങ് ഡയറക്ടറുമായിരുന്നു. വിജയ് ബാബു ചെയര്‍മാനും. സാന്ദ്ര പാലക്കാട്ട് അച്ഛനുള്ള സ്ഥലം വിറ്റ് 80 ലക്ഷം രൂപയ്ക്കാണ് ആദ്യ സിനിമയായ ഫ്രൈഡേ നിര്‍മ്മിച്ചത്. ഫ്രൈഡേയ്ക്കു ശേഷം ആമേന്‍, കിളിപോയി തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചു. സക്കറിയയുടെ ഗര്‍ഭിണികള്‍ മുതല്‍ ഇരുവരും ഒരുമിച്ച്‌ ഫ്രൈഡേ സിനിമ കമ്ബനിയുടെ പങ്കാളിയായി. ഇരുവരും ചേര്‍ന്ന് ഏഴ് സിനിമകള്‍ നിര്‍മ്മിച്ചതില്‍ സക്കറിയയുടെ ഗര്‍ഭിണികളും മുത്തുഗൗവും നഷ്ടം വരുത്തി. പിന്നീട് സാന്ദ്രയുടെ വിവാഹം കഴിഞ്ഞതോടെ നിര്‍മ്മാണ കമ്ബനിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത്.