ഒരുകാലത്ത് ആക്​ഷൻ ചിത്രങ്ങളായിരുന്നു അക്ഷയ് കുമാറിന്റെ ഹരം. ആ ചിത്രങ്ങളെല്ലാം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിട്ടുമുണ്ട്. എന്നാൽ ഇന്ന്് അദ്ദേഹം ചെയ്യുന്നതെല്ലാം വേറിട്ട കഥാപാത്രങ്ങളും വ്യത്യസ്തമാർന്ന പ്രമേയവുമാണ്. അക്ഷയ് കുമാറിന്റെ ഈ മാറ്റത്തിന് പിന്നിൽ ഒരു സംവിധായകനാണ്. ആ ക്രെഡിറ്റ് മുഴുവൻ മലയാളത്തിന്റെ സ്വന്തം പ്രിയദർശനാണ് അദ്ദേഹം നൽകുന്നത്.

കരിയർ തുടങ്ങി ഏഴെട്ട് വർഷം പിന്നിട്ടിട്ടും ആക്​ഷൻ സിനിമകൾ മാത്രമാണ് ചെയ്തുകൊണ്ടിരുന്നത്. ആക്​ഷന്‍ സിനിമകൾക്കപ്പുറം ഒരു വേഷം തനിക്ക് ഇണങ്ങുമോ എന്ന് മറ്റുള്ളവരും ചിന്തിച്ചില്ല. അടിയും ഇടിയും മാത്രമാണോ തനിക്ക് ചേരൂ എന്ന് അക്കാലത്ത് ഞാനും ചിന്തിച്ചിരുന്നു.’–അക്ഷയ് കുമാർ പറഞ്ഞു.

ഒരേ ഇമേജിൽ തന്നെ തുടരാകാനില്ലെന്നും പരീക്ഷണങ്ങൾ നടത്തണമെന്നും ഞാൻ മനസ്സിലാക്കി. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് പ്രിയദർശനുമായി സംസാരിക്കുന്നത്. അദ്ദേഹം എന്നിൽ വിശ്വാസമർപ്പിച്ചു. എങ്ങനെ ഹാസ്യം കൈകാര്യം ചെയ്യണമെന്ന് പഠിപ്പിച്ചു. പ്രിയദർശൻ വളരെ ബ്രില്യന്റ് ആണ്.

മലയാളത്തിലും ഹിന്ദിയിലുമായി 74 സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. അതിൽ അറുപത്തെട്ടും ഹിറ്റ്. മുപ്പത്–നാൽപ്പത് ദിവസങ്ങള്‍കൊണ്ടാണ് അദ്ദേഹം ഒരു സിനിമ പൂർത്തിയാക്കുന്നത്. ശരിക്കും ഒരു ജീനിയസ്‍ അല്ലേ പ്രിയദർശൻ? അക്ഷയ് കുമാർ പറഞ്ഞു.