വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമൊക്കെ ഇടയില്‍ ഇന്ന് (ജനുവരി 25 ന്) പദ്മാവതി തിയേറ്ററിലെത്തുകയാണ്. ചിത്രത്തിന്റെ പേരില്‍ നായികയെ ഉള്‍പ്പടെ ഭീഷണിപ്പെടുത്തിയവര്‍ തിയേറ്ററിലെത്തണം.. നിങ്ങള്‍ പറയുന്ന പ്രശ്നം ചിത്രത്തിലുണ്ടോ എന്ന് നോക്കിയിട്ട് ഇനി വാളെടുത്താല്‍ മതി. സൂഫി കവിയായിരുന്ന മാലിക് മുഹമ്മദിന്റെ പദ്മാവത് എന്ന ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയാണ് സഞ്ജയ് ലീല ബന്‍സാലി അതേ പേരില്‍ ചിത്രമൊരുക്കുന്നത്.രജപുത്ര റാണിയായ പദ്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ ദീപിക പദുകോണാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്‍വീര്‍ സിങും ഷാഹിദ് കപൂറുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങള്‍.ദില്ലി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിക്ക് മേവാറിലെ രത്തന്‍ സിങ് രാജാവിന്റെ ഭാര്യയായ പദ്മാവതിയോടു തോന്നുന്ന പ്രണയവും തുടര്‍ന്നുള്ള യുദ്ധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിങ്ങും രത്തന്‍ സിങ്ങായി ഷാഹിദ് കപൂറും വേഷമിടുന്നു.ചിത്രീകരണം തുടങ്ങിയതു മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രമാണ് പദ്മാവതി. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും പദ്മാവതിയും തമ്മിലുള്ള പ്രണയ രംഗങ്ങളുണ്ടെന്ന അഭ്യൂഹം രജപുത്ര സമുദായത്തെ ചൊടിപ്പിച്ചു. ഖില്‍ജിക്കു മുമ്പില്‍ കീഴടങ്ങാതെ ജീവത്യാഗം ചെയ്ത പദ്മാവതിയെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണവുമായാണ് രാജസ്ഥാനിലെ രജപുത് കര്‍ണി സേന പോലുള്ള സംഘടനകള്‍ പ്രതിഷേധവുമായി മുന്നോട്ടുവന്നത്.
ഈ പുകിലുകള്‍ക്കൊക്കെ ഇന്ന് (ജനുവരി 25) നാളെ അവസാനമാവും. മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കര്‍ശന സുരക്ഷയൊരുക്കിയിട്ടാണ് ചിത്രമെത്തുന്നത്.
