pranav-mohanlal-popularity-before-aadhi-release

മറ്റൊരു താരപുത്രനും ലഭിക്കാത്ത സ്വീകാര്യതയാണ് പ്രണവ് മോഹന്‍ലാലിന് ലഭിക്കുന്നത്. ആദ്യ സിനിമയായ ആദിയുടെ റിലീസിന് മുന്‍പേ തന്നെ താരമായി മാറിയിരിക്കുകയാണ് ഈ താരപുത്രന്‍. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച അപ്പു വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി തിരിച്ചെത്തുമെന്ന് സിനിമാലോകം അന്ന് തന്നെ വിധിയെഴുതിയിരുന്നു.ജനിക്കുമ്പോള്‍ മുതലെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. താരങ്ങള്‍ക്ക് പിന്നാലെ മക്കളും സിനിമയിലേക്കെത്തുന്നതിനായുള്ള കാത്തിരിപ്പ് തുടരുന്നതിനിടയില്‍ ബാലതാരമായി അവരെത്തും. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നായികയോ നായകനോ ആയും എത്തും. പിന്നീട് സിനിമയിലെ തന്നെ അവിഭാജ്യ ഘടകമായി അവര്‍ മാറുകയും ചെയ്യും. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തി താരങ്ങളായി മാറിയ നിരവധി താരപുത്രനും താരപുത്രിമാരുമുണ്ട്. എന്നാല്‍ അവര്‍ക്കാര്‍ക്കും ലഭിക്കാത്ത സ്വീകാര്യതയാണ് പ്രണവ് മോഹന്‍ലാലിന് ലഭിക്കുന്നത്. ആദിക്ക് ഇത്ര ഹൈപ്പ് നല്‍കേണ്ടതുണ്ടോയെന്ന തരത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി ചിലര്‍ രംഗത്തു വന്നിരുന്നു. പ്രണവിന്റെ സ്വീകാര്യതയെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുണ്ട്.
ആദ്യ സിനിമ ഇറങ്ങുന്നതിനും മുന്‍പേ തന്നെ താരമായി മാറിയിരിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍. നായകനായി അഭിനയിക്കുന്ന ആദ്യ ചിത്രമായ ആദിയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പ്രണവിനെ നായകനാക്കി സിനിമയൊരുക്കുന്നത് തനിക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണെന്ന് സംവിധായകന്‍ ജിത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. ആദിയെക്കുറിച്ച് അത്രയധികം പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്.ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ആദിയെന്നാണ് സംവിധായകന്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ ടീസറും ട്രെയിലറും ആദ്യഗാനവും ഇറങ്ങിയതിന് ശേഷം ഈ അഭിപ്രായം മാറുകയായിരുന്നു. കുടുംബ ചിത്രമെന്ന പ്രതീതിയാണ് ഇവ നല്‍കിയത്.