ലാലേട്ടനെ വെല്ലാന്‍ മമ്മൂക്ക

Featured, Film News, Malayalam

അതെ, ലാലേട്ടനെ വെല്ലാന്‍ മമ്മൂക്കയെത്തിക്കഴിഞ്ഞു. ബോക്സ്‌ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം മമ്മൂട്ടിയുടെ പുത്തന്‍ ചിത്രമെത്തുന്നു. രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് പുലിമുരുകനെ കടത്തിവെട്ടാനിരിക്കുന്നത്.

പ്രശസ്ത തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലം ഫാത്തിമ മാതാ കോളേജില്‍ പുരോഗമിക്കുകയാണ്. ഫാത്തിമ മാതാ കോളേജാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കോളേജ് പ്രൊഫസറായി സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന എഡ്ഡി എന്ന കഥാപാത്രമാണ് മമ്മൂട്ടിയ്ക്ക് ചിത്രത്തില്‍. എഡ്ഡി ഇംഗ്ലീഷ് പ്രൊഫസറാണ്.

ക്യാമ്ബസ് പശ്ചാത്തലമായി ഒരുക്കുന്ന ചിത്രമാണിത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജില്‍ അതിലേറെ കുഴപ്പക്കാരനായ പ്രൊഫസര്‍ എത്തുമ്ബോള്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്ര പശ്ചാത്തലം. ഇതേ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായിരുന്നതിനാലാണ് എഡ്ഡിയെ പ്രിന്‍സിപ്പല്‍ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായി ക്ഷണിക്കുന്നത്. എഡ്ഡി പഠിച്ചിരുന്നപ്പോള്‍ ആ കോളേജില്‍ എഡ്ഡിയോളം പ്രശ്നക്കാരനായ മറ്റൊരു വിദ്യാര്‍ത്ഥി ഉണ്ടായിരുന്നില്ല.

പൂനം ബജ്വയും ചിത്രത്തില്‍ കോളേജ് പ്രൊഫസറായി എത്തുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മിയും പൊലീസ് ഉദ്യാഗസ്ഥനായി ഉണ്ണി മുകുന്ദനും എത്തുന്നു. സന്തോഷ് പണ്ഡിറ്റും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മഹിമ നമ്ബ്യാര്‍, മുകേഷ്, ഗോകുല്‍ സുരേഷ് ഗോപി, മഖ്ബൂല്‍ സല്‍മാന്‍, ഗണേഷ് കുമാര്‍, കലാഭവന്‍ ഷാജോണ്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, സിജു ജോണ്‍, സുനില്‍ സുഗദ, പാഷാണം ഷാജി, അര്‍ജുന്‍, ബിജു കുട്ടന്‍, അശ്വിന്‍, ദിവ്യദര്‍ശന്‍, ജോഗി, കൈലാഷ്, അജ്മല്‍ നിയാസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

റോയല്‍ സിനിമാസിന്റെ ബാനറില്‍ മുന്‍ പ്രവാസിയായ സി.എച്ച്‌.മുഹമ്മദ് കോടികള്‍ ചെലവിട്ട് നിര്‍മ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. റോയല്‍ സിനിമാസിന്റെ ആദ്യ ചിത്രം കൂടിയാണിത്. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണവും നിര്‍വ്വഹിക്കും. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Leave a Reply