mc-rajanarayanan-s-article-about-aishwarya-rai

‍ഐശ്വര്യ റായിയെ അഭിനയകല പഠിപ്പിച്ച് മോഹന്‍ലാലും മമ്മൂട്ടിയും

മലയാള സിനിമയിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെതന്നെ മഹാനടന്മാരായ മമ്മുട്ടിയും മോഹന്‍ലാലും ഐശ്വര്യ റായിയുടെ നായകന്മാരായത് തമിഴിലാണ്. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ (മമ്മുട്ടി), ഇരുവര്‍ (മോഹന്‍ലാല്‍) എന്നീ തമിഴ് പടങ്ങളില്‍ അവരുടെ നായിക ലോക സുന്ദരി പട്ടം നേടി സിനിമാ ലോകത്ത് എത്തിയ ഐശ്വര്യ റായിയാണ്. ഐശ്വര്യയുടെ അരങ്ങേറ്റവും തമിഴില്‍ തന്നെയായിരുന്നു (ജീന്‍സ്). ഈ രണ്ട് തമിഴ് പടങ്ങളുടെയും പ്രത്യേകത മമ്മുട്ടിയുടേയും മോഹന്‍ലാലിന്റെയും മികവുറ്റ, അഭിനയകലയുടെ ഉത്തുന്ന ശൃംഗങ്ങളില്‍ എത്തുന്ന പ്രകടനം തന്നെയാണ്. ഒരുപക്ഷെ ഇവരുടെ അഭിനയ ജീവിതത്തില്‍തന്നെ വേറിട്ടു നില്‍ക്കുന്ന, ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളില്‍പെട്ടതാണ് ഈ പടങ്ങളിലേതെന്ന് നിസ്സംശയം പറയാം.

തമിഴ്‌നാട്ടില്‍ നിന്നുള്ള പത്രപ്രവര്‍ത്തകയായ സ്‌നേഹിത ഒരിക്കല്‍ ഐശ്വര്യ റായിയെ ഇന്റര്‍വ്യു ചെയ്തപ്പോള്‍ അവര്‍ പറഞ്ഞത് മമ്മുട്ടി, മോഹന്‍ലാല്‍ എന്നീ മഹാനടന്മാരില്‍ നിന്ന് അഭിനയകലയെ കുറിച്ച് ഏറെ പഠിച്ചുവെന്നും അവരോടൊപ്പമുള്ള അഭിനയം അവിസ്മരണീയിരുന്നു എന്നുമാണ്. തമിഴിലെ പോലെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുവാനുള്ള ആഗ്രഹവും അന്ന് അവര്‍ പ്രകടിപ്പിച്ചിരുന്നു. ഐശ്വര്യ റായിക്കൊപ്പം നായകനായി അഭിനയിച്ച മറ്റൊരു മലയാള നടനാണ് പൃഥ്വിരാജ്. അതും പക്ഷെ തമിഴ് പടത്തില്‍ തന്നെയാണ് (രാവണ്‍). വിവധ ഭാഷകളില്‍ മൊഴിമാറ്റം ചെയ്യപ്പെട്ട മണിരത്‌നം സംവിധാനം ചെയ്ത രാവണ്‍ പക്ഷെ പ്രതീക്ഷിച്ച വിജയവും ശ്രദ്ധയും നേടിയില്ല. വില്ലന്‍ റോളില്‍ കലാഭവന്‍ മണിയും രജനികാന്ത്, ഐശ്വര്യ റായി ടീമിന്റെ തമിഴ് പടത്തില്‍ അഭിനയിച്ചിരുന്നു (എന്തിരന്‍). മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികകല്ലായ ഇരുവര്‍ എം.ജി.ആറിന്റെ ജീവിതമാണ് പകര്‍ത്തുന്നത്.

മണിരത്‌നം സംവിധാനം ചെയ്ത ഈ ബയോപിക് വന്‍വിജയം നേടിയില്ലെങ്കിലും തമിഴ് സിനിമാ ചരിത്രത്തില്‍ ഇടം നേടിയ സൃഷ്ടിയാണ്. എം.ജി. രാമചന്ദ്രന്‍ എന്ന യുഗപ്രഭാവനായ കലാകാരന്റെ സിനിമ-രാഷ്ട്രീയ ജീവിതത്തിലെ പ്രധാന സംഭവങ്ങളും മുഹൂര്‍ത്തങ്ങളും ഇരുവരില്‍ മിഴിവ് നേടുന്നത് മോഹന്‍ലാല്‍ എന്ന അഭിനയപ്രതിഭയിലൂടെയാണ്. സ്‌ക്രീനില്‍ ജയലളിതയായി ഐശ്വര്യാറായിയും കൂടെയുണ്ട്. എം.ജി.ആര്‍ എന്ന ഉലകനായകന്‍ മോഹന്‍ലാലില്‍ പരകായപ്രവേശം ചെയ്തതു പോലെയുള്ള പ്രകടനമാണ് ഇരുവരില്‍ കാണുന്നത്. എം.ജി.ആറിന്റെ ശരീരഭാഷയും മുഖഭാവങ്ങളും അതിസൂഷ്മമായി മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് വിസ്മയ കാഴ്ച തന്നെ. സിനിമാ നടന്‍ എന്ന നിലയ്ക്കുള്ള സീനുകളില്‍ മാത്രമല്ല രാഷ്ട്രീയ നേതാവായ എം.ജി.ആറിന്റെ ജീവിത മുഹൂര്‍ത്തങ്ങളിലും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ‘എസ്സന്‍സ്’ മോഹന്‍ലാലിലൂടെ പുനര്‍ജനിക്കുകയും പുനരാവിഷ്‌കാരത്തിന്റെ സാഫല്യം നേടുകയുമാണ്.

സഹനടിയായ ഐശ്വര്യ റായി തന്നെ ലാലിന്റെ പ്രകടനത്തില്‍ അത്ഭുതപ്പെടുകയാണ് പലപ്പോഴും. ഈ പടത്തില്‍ കരുണാനിധിയായി മോഹന്‍രാജാണുള്ളത്. ഗൗതമി, നാസര്‍ തുടങ്ങിയ പല മുന്‍നിര താരങ്ങളും ഇരുവരില്‍ വേഷമിടുന്നു. എ.ആര്‍. റഹ്മാന്‍ ചിട്ടപ്പെടുത്തിയ പാട്ടുകളുടെ ചിത്രീകരണത്തില്‍ മോഹന്‍ലാലിന്റെ ശരീരഭാഷ യഥാര്‍ത്ഥത്തില്‍ എം.ജി.ആറിന്റെ കാര്‍ബണ്‍ കോപ്പി പോലെയാണ്. അതുപോലെ തന്നെ രാഷ്ട്രീയ നേതാവെന്ന നിലയ്ക്കുള്ള ചടുലമായ നീക്കങ്ങളിലും. ഗൗതം മേനോന്‍ സംവിധാനംചെയ്ത കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ മമ്മുട്ടി, ഐശ്വര്യ റായ്, തബു, അജിത്ത്, ശ്രീവിദ്യ, രഘുവരന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന രചനയാണ്. സ്‌നേഹം ഉള്ളിലൊതുക്കി പ്രണയിനിയിക്കായി നവവരനെ കണ്ടെത്താന്‍ യത്‌നിക്കുന്ന മേജര്‍ ബാലയായി മമ്മുട്ടി സ്‌ക്രീനില്‍ ജീവിക്കുക തന്നെയാണ്.

ഭാവാഭിനയത്തിന്റെ സൂക്ഷ്മതലങ്ങള്‍ മമ്മുട്ടി അതിഗംഭീരവും സ്വപ്ന സുരഭിലവുമാക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ നല്‍കുന്നത്. അവരുടെ കോമ്പിനേഷന്‍ സീനുകള്‍ക്കും അപൂര്‍വ്വ ചാരുതയുണ്ട്. ഉള്ളിലുള്ളത് പറയാനാവാതെ വിങ്ങുന്ന, പ്രണയം മനസ്സിലൊതുക്കുന്ന മേജര്‍ ബാലയെ മമ്മുട്ടി അനശ്വരനാക്കുന്നു. യുദ്ധത്തില്‍ കാല്‍ നഷ്ടപ്പെട്ട് ഹാന്റികാപ്പ്ഡ് ആയ മേജര്‍ ബാലയെ പെര്‍ഫെക്ഷനോടെയാണ് മമ്മുട്ടി അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ ശരീരവും മനസ്സും ഒരുപോലെ പ്രേക്ഷകന് കാണുവാനും വായിക്കുവാനുമാകുന്നു. ഇതൊരു അപൂര്‍വ്വ, സമാനതകളില്ലാത്ത നേട്ടം തന്നെയാണ്. മലയാളത്തിലെ മഹാനടന്മാരില്‍ നിന്ന് അഭിനയ കലയെക്കുറിച്ചുള്ള പാടങ്ങള്‍ ഉള്‍ക്കൊണ്ടു എന്ന് ഐശ്വര്യ റായി പറയുമ്പോള്‍ അതിന്റെ സാക്ഷിപത്രങ്ങളായി നില്‍ക്കുന്ന രചനകള്‍ തന്നെയാണ് മണിരത്‌നം സംവിധാനം ചെയ്ത ഇരുവരും ഗൗതം മേനോന്‍ന്റെ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന പടവും.

ഒന്ന് ഒരു ബയോപിക്കും മറ്റേത് കഥയുടെ ചലച്ചിത്രാവിഷ്‌കാരവുമാണ്. കാലഘട്ടത്തിന്റെ കരുത്തുറ്റ സൃഷ്ടികളാണ് ഇവ രണ്ടും. നമ്മുടെ പ്രിയങ്കരായ അഭിനേതാക്കളും മഹാനടന്മാരുമായ മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും സാന്നിദ്ധ്യംകൊണ്ടും പ്രകടനംകൊണ്ടും വ്യത്യസ്തമായ, അഭിനയ മികവിന്റെ ഉദാഹരണങ്ങളായ പടങ്ങളാണ് ഇരുവരും, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനും. ആദ്യമായി പ്രദര്‍ശനത്തിനെത്തിയ ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും ഈ പടങ്ങള്‍ പ്രസക്തി നിലനില്‍ക്കുന്നു