ഫിലിപ് ആന്റ് മങ്കിപെന്‍ എന്ന ചിത്രത്തിലെ നാലു വയസ്സുകാരന് റയാന് ഫിലിപ്പിനെ ആരും മറന്നിട്ടുണ്ടാവില്ല. ചലച്ചിത്രതാരം സനുഷയുടെ അനുജന് സനൂപ് ആയിരുന്നു അത്. ആദ്യ ചിത്രത്തിലൂടെതന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ താരത്തിനു കഴിഞ്ഞു.ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും ലഭിച്ചിരുന്നു. ഫിലിപ് ആന്റ് മങ്കിപെന്നിനുശേഷം പെരുച്ചാഴി, ഭാസ്ക്കര്‍ ദ റാസ്ക്കല്‍ ജോ ആന്റ് ദ് ബോയ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു.മഞ്ജുവാര്യരും സനൂപും പ്രധാന വേഷങ്ങളിലെത്തിയ ജോ ആന്റ് ദ് ബോയ് എന്ന ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു സനൂപ് കാഴ്ചവെച്ചത്. ചിത്രത്തിലെ സനൂപിന്റെ അഭിനയത്തെ മഞ്ജു വാര്യര്‍ ഏറെ പ്രശംസിച്ചിരുന്നു. ഇപ്പോള്‍ നായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് സനൂപ്.
ഒരിടവേളയ്ക്കു ശേഷം കെ കെ രാജീവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സനൂപ് നായകനായി എത്തുന്നത്. നിരവധി ഹിറ്റു സീരിയിലുകള് സംവിധാനം ചെയ്യ്ത രാജീവ് ഞാനും എന്റെ ഫാമിലിയും എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഹിറ്റ് തിരക്കഥാകൃത്തുക്കളായ സഞ്ജയ് ബോബിയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. കെ ജയകുമാറിന്റെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന് ആണ് സംഗീതം നല്‍കുന്നത്.