പപ്പുവിന്റെ ചിരി മായ്ഞ്ഞിട്ട് 17 വര്‍ഷങ്ങള്‍

Feature, Film News, Malayalam

ചിരിച്ചും ചിരിപ്പിച്ചും മലയാളി മനസ്സുകളില്‍ ഇടംപിടിച്ച ഹാസ്യ രാജാവിന്റെ ചിരി മായ്ഞ്ഞിട്ട് ഇന്നേയ്ക്ക് 17 വര്‍ഷങ്ങള്‍. ഓര്‍മ്മകളെ ബാക്കിയാക്കി കുതിരവട്ടം പപ്പു യാത്രയായി 17 വര്‍ഷങ്ങള്‍ പിന്നിടുമ്ബോഴും മിമിക്രി വേദികളിലും ട്രോള്‍ പേജുകളിലും ഈ അതുല്യ പ്രതിഭ ഇന്നും സജീവമാണ്. മലയാള സിനിമയ്ക്ക് പപ്പു സമ്മാനിച്ചത് അദ്ദേഹത്തിന്റെ 37 വര്‍ഷങ്ങളായിരുന്നു. ഇക്കാലയളവില്‍ അദ്ദേഹം വേഷമിട്ടത് 1500 ഓളം ചിത്രങ്ങളും.

പനഗട്ട് രാമന്റേയും ദേവിയുടെയും മകനായി 1937 ഡിസംബര്‍ 24ന് കോഴിക്കോട് ജില്ലയില്‍ ഗ്രാമത്തില്‍ ജനനം. കുട്ടിക്കാലത്തായാരിന്നു കുടുംബം കുതിരവട്ടത്തേയ്ക്ക് താമസം മാറുന്നത്.

 കുട്ടിക്കാലം മുതല്‍ക്കെ അഭിനയ കലയില്‍ ഉത്സുകനായ പപ്പുവിന്റെ ആദ്യ പ്രധാന സ്റ്റേഡ് പെര്‍ഫോര്‍മന്‍സ് 17ാം വയസ്സിലായിരുന്നു. നാടക നടനായാണ് അഭിനയ ജീവിതത്തിലേയക്ക് കടക്കുന്നത്. സമസ്യ, മനസ്സ് എന്നീ രണ്ട് പ്രധാന നാടകങ്ങളും ആയിരത്തോളം ഹസ്വ നാടകങ്ങളിലും പപ്പു അരങ്ങു തകര്‍ത്തു.

സമസ്യയിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിക്കൊടുത്തു. മുടിയനായ പുത്രന്‍ എന്ന നാടകത്തിലെ പപ്പുവിന്റെ മികച്ച അവതരണത്തില്‍ ആകൃഷ്ടരായ രാമു കാര്യാട്ടും വിന്‍സന്റും അദ്ദേഹത്തിന് മൂടുപടം എന്ന ചിത്രത്തിലേയ്ക്കുള്ള വാതില്‍ തുറന്നു കൊടുത്തു. വിന്‍സന്റിന്റെ നിര്‍മ്മാണത്തില്‍ പിറന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്‍ഗവീ നിലയത്തിലെ പപ്പുവിന്റെ അഭിനയം ജനശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിലൂടെ കുതിരവട്ടം പപ്പുവായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പപ്പു പിന്നീടങ്ങോട്ടു ഈ പേരില്‍ അറിയപ്പെട്ടു.

ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്ബോഴും കഥാപാത്രങ്ങളായി മാറുമ്ബോഴും കോഴിക്കോടന്‍ ശൈലിയിലൂടെ തന്റേതായ ശൈലി ഉണ്ടാക്കിയെടുത്ത കുതിരവട്ടം പപ്പു എന്ന ഹാസ്യ താരത്തെ മറ്റു ഹാസ്യ താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കി. ചെമ്ബരത്തി, അങ്ങാടി, അവളുടെ രാവുകള്‍, മണിച്ചിത്രത്താഴ്, തേന്‍മാവിന്‍ കൊമ്ബത്ത് തുടങ്ങീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരുവുകളായി മാറി. മൂര്‍ഖന്‍, കാണാക്കിനാവ്, ഏണാട്, ഇതാ ഒരു തീരം, ആള്‍ക്കൂട്ടത്തിലൊരാള്‍ എന്നീ സിനിമകള്‍ അദ്ദേഹത്തെ ഒരു മികവുറ്റ കലാകാരനാക്കി മാറ്റി. നരസിംഹം ആയിരുന്നു അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.

ഹൃദയാഘാതത്തെ തുടര്‍ന്ന് 2000 ഫെബ്രുവരി 25ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. അഭിനയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ അനുഗ്രഹീത കലാകാരന്‍ ജനഹൃദയങ്ങളില്‍ ഇന്നും മായാത്ത ഓര്‍മ്മകളുമായി ജീവിക്കുന്നു.

Leave a Reply