kammarasambavam-dileep-s-makeover-getting-viral

രാമലീലയുടെ ഗംഭീര വിജയത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന കമ്മാരസംഭവത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ഫസ്റ്റ്, സെക്കന്‍ഡ് ലുക്ക് പോസ്റ്ററുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതിന് ശേഷം സ്‌പെഷല്‍ ലുക്ക് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ആ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഫേസ്ബുക്ക് പേജിലൂടെ ദിലീപാണ് പുതിയ ലുക്ക് പങ്കുവെച്ചത്. അമ്പരപ്പിക്കുന്ന മേക്കോവറാണ് ഇതെന്ന് ആരാധകരും പറയുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ പോസ്റ്ററിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഗ്രൂപ്പുകളിലൂടെയും മറ്റുമായി നിരവധി പേരാണ് പോസ്റ്റര്‍ പങ്കുവെച്ചിട്ടുള്ളത്.

ഇതുവരെ കാണാത്ത രൂപഭാവത്തില്‍ ദിലീപ് എത്തുമെന്ന് പറഞ്ഞപ്പോള്‍ ഇത്രയക്ക് പ്രതീക്ഷിച്ചില്ലെന്നാണ് ആരാധകര്‍ പറയുന്നത്. വാര്‍ധക്യത്തിലെ കമ്മാരന്റെ ലുക്കാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.ഫേസ്ബുക്ക് പേജിലൂടെ ദിലീപാണ് പുതിയ ലുക്കും പുറത്തുവിട്ടത്. ഒരായിരം നുണകളില്‍ കോര്‍ത്തെടുത്ത സത്യമുള്ള ഒരു സംഭവം. കമ്മാരസംഭവം എന്ന തലക്കെട്ടിനൊപ്പമാണ് പുതിയ ലുക്ക് പുറത്തുവിട്ടത്.

മേക്കോവറിന്റെ കാര്യത്തില്‍ ദിലീപിനെ വര്‍ണ്ണിക്കാന്‍ വാക്കുകളില്ലെന്നാണ് ഒരാള്‍ കുറിച്ചിട്ടുള്ളത്. അര്‍ഹത ഉണ്ടായിരുന്നിട്ടും നഷ്ടമായ പലതും കമ്മാരനിലൂടെ തിരിച്ചുപിടിക്കുമെന്നും ആരാധകന്‍ കുറിച്ചിട്ടുണ്ട്.പതിവ് പോലെ കോമഡി പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കാതെ രാമനുണ്ണി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഭാവപ്പകര്‍ച്ചയിലൂടെ ഇത്തവണ കമ്മാരനും ഞെട്ടിച്ചു, ഇനി സിനിമ പുറത്തിറങ്ങിയാല്‍ എങ്ങനെയുണ്ടാവുമെന്നാണ് മറ്റൊരാളുടെ സംശയം.പാതാളത്തിലേക്ക് ദിലീപിനെ ചവിട്ടി താഴ്ത്താം എന്നാഗ്രഹിച്ച വിമര്‍ശകര്‍ക്ക് സമര്‍പ്പിക്കുന്നു പുതിയ ലുക്കെന്നാണ് മറ്റൊരാളുടെ കമന്റ്. നിരവധി പേരാണ് ദിലീപിന്റെ പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്തിട്ടുള്ളത്.അഞ്ച് മണിക്കൂറെടുത്താണ് ദിലീപിന്‍റെ മേക്കപ്പ് പൂര്‍ത്തിയാക്കുന്നതെന്ന് നേരത്തെ ഒരഭിമുഖത്തിനിടയില്‍ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.