ആദിയില്‍ ഡ്യൂപ്പിനെ വെക്കണമെന്ന് മോഹന്‍ലാല്‍, പക്ഷേ പ്രണവ് സമ്മതിച്ചില്ല, കൈ മുറിഞ്ഞപ്പോള്‍ പേടിച്ചു .

antony-perumbavoor-about-pranav-mohanlal-s-attitude-towards-aadhi-success

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദിയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നീണ്ട കാത്തിരിപ്പിനൊടുവില്‍ ജനുവരി 26നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ പ്രണവ് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി അരങ്ങേറുകയാണ്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു പരിചയമുണ്ട് ഈ താരപുത്രന്. ജിത്തു ജോസഫിന്റെ തന്നെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട് അപ്പുവെന്ന പ്രണവ്.ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി പ്രണവ് പാര്‍ക്കൗര്‍ പരിശീലനം നേടിയിരുന്നു. സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ പ്രണവ് സമ്മതിച്ചിരുന്നില്ലെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.സാഹസികതയോട് അങ്ങേയറ്റം താല്‍പര്യമുള്ളയാളാണ് മോഹന്‍ലാല്‍. പക്ഷേ മകന്‍ നായകനായി അരങ്ങേറുമ്പോള്‍ ഡ്യൂപ്പിനെ ഉപയോഗിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശമെന്ന് സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നു.ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന നിര്‍ദേശത്തിനോട് പ്രണവ് യോജിച്ചില്ല. താന്‍ തന്നെ ചെയ്യുമെന്നായിരുന്നു താരപുത്രന്‍ പറഞ്ഞത്. മൂന്ന് തവണ റിഹേഴ്‌സല്‍ നടത്തിയിട്ടും ശരിയാവാതെ വന്നപ്പോഴും വീണ്ടും ശ്രമിച്ച് അത് താന്‍ തന്നെ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രണവ് പറഞ്ഞത്.ഒരു സീനിലൊഴികെ മറ്റെല്ലാ രംഗങ്ങളിലും പ്രണവ് തന്നെയാണ് അഭിനയിച്ചത്. അപകടം നിറഞ്ഞ രംഗങ്ങളൊക്കെ വളരെ അനായാസമായാണ് പൂര്‍ത്തിയാക്കിയതെന്നും ജിത്തു ജോസഫ് പറയുന്നു.ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഗ്ലാസ് പൊട്ടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ പ്രണവിന്റെ കൈ മുറിഞ്ഞപ്പോള്‍ ആകെ ടെന്‍ഷനിലായിപ്പോയിരുന്നു. ആശുപത്രിയില്‍പ്പോയി വരാമെന്ന് പറഞ്ഞ് പ്രണവ് പോയപ്പോഴും താന്‍ ആകെ ടെന്‍ഷനിലായിരുന്നു.പ്രണവിന് സംഭവിച്ച അപകടത്തെക്കുറിച്ച് മോഹന്‍ലാലിനോട് എന്ത് പറയുമെന്നതായിരുന്നു തന്നെ അലട്ടിയത്. കുറച്ച് സമയം കഴിഞ്ഞതില്‍പ്പിന്നെയാണ് സ്വാഭാവിക നിലയിലേക്ക് തിരിച്ചുവന്നത്.ഇഷ്ടപ്പെടുന്ന കാര്യത്തിന് വേണ്ടി അങ്ങേയറ്റം പ്രവര്‍ത്തിക്കുന്നയാളാണ് പ്രണവ്. അഭിനയം അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്. സിനിമയാണ് തന്റെ മേഖലയെന്ന് ഉറപ്പിച്ചാല്‍ മികച്ച ഒരു നടനായി മലയാള സിനിമയിലുണ്ടാകുമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.