ഹൃതിക്കിന് എതിരെ ഷാരൂഖ്

Bollywood

ഹൃതിക് റോഷന്‍ നായകനായി എത്തുന്ന ‘കാബില്‍’ എന്ന ചിത്രത്തെ അതേ റിലീസ് ദിവസം തന്നെ നേരിടാനുറച്ച്‌ ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാന്‍റെ ‘റായീസ്’ റിലീസ് ഡേറ്റ് ഒരു ദിവസം നേരത്തെയാക്കിയാണ് ഷാരൂഖ് ഹൃതിക്കിനെ എതിരിടാന്‍ ഒരുങ്ങുന്നത്.

നേരത്തെ 2016 ഈദ് റിലീസായി സല്‍മാന്‍ ഖാന്‍റെ ‘സുല്‍ത്താന്‍’ എന്ന ചിത്രത്തോടൊപ്പം റിലീസാകുമെന്ന് കരുതിയിരുന്ന ‘റായീസ്’ സാങ്കേതിക കാരണങ്ങളാല്‍ റിലീസ് മാറ്റുകയായിരുന്നു. ഇതിനിടെ ജനുവരി 26ന് രാകേഷ് റോഷന്‍ നിര്‍മ്മിച്ച്‌ സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ‘കാബില്‍’ റിലീസ് നിശ്ചയിച്ചു. ജനുവരി 26ന് തന്നെ റായീസും റിലീസ് ചെയ്യുമെന്ന് പ്രഖ്യാപനമുണ്ടായി.

 തുടര്‍ന്ന് ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാനായി രാകേഷ് റോഷന്‍ കാബിലിന്റെ റിലീസ് ഒരു ദിവസം നേരത്തെയാക്കി ജനുവരി 25ന് നിശ്ചയിച്ചു. എന്നാല്‍ ഇന്ന് റായീസിന്‍റെ ട്രെയ്ലര്‍ പുറത്തിറങ്ങിയതോടൊപ്പമാണ് ചിത്രത്തിന്റെ റിലീസ് തീയതിയും ജനുവരി 25 ലേക്ക് നേരത്തെയാക്കിയതായി ഷാരൂഖും പ്രഖ്യാപിച്ചത്.

എന്നാല്‍ താനാണെങ്കില്‍ ഇങ്ങനെ ചെയ്യില്ലെന്നും ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും കാബില്‍ നിര്‍മ്മാതാവും ഹൃതിക്കിന്റെ പിതാവുമായ രാകേഷ് റോഷന്‍ അഭിപ്രായപ്പെട്ടു. ‘റായീസ്’ എന്ന സിനിമയില്‍ ഷാരൂഖിനുള്ള ആത്മവിശ്വാസമാണ് ഇത് കാണിക്കുന്നതെന്നും തുറന്ന യുദ്ധപ്രഖ്യാപനം അതിനു തെളിവാണെന്നും ബോളിവുഡ് അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നു.

റായീസ് ആലം എന്ന ഗുജറാത്തി അധോലോക നായകനായി ഷാരൂഖും അദ്ദേഹത്തെ കുടുക്കാന്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായി നവാസുദ്ധീന്‍ സിദ്ധിഖിയും അഭിനയിക്കുന്ന ‘റായീസ്’ അധോലോക പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ചിത്രമാണ്. തന്‍റെ ഭാര്യയെ കൊന്നവരോട് പ്രതികാരം ചെയ്യുന്ന അന്ധനായ മനുഷ്യന്‍റെ പ്രതികാരകഥ പറയുന്ന ചിത്രമാണ് ‘കാബില്‍’

Leave a Reply