മാതാപിതാക്കളുടെ പാത പിന്തുടര്ന്ന് മക്കളും സിനിമയിലേക്കെത്തുന്നത് സ്വാഭാവികമായ കാര്യമായി മാറിയിരിക്കുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ മുകേഷിന്റെയും സരിതയുടെയും മകനായ ശ്രാവണ്‍ മുകേഷും സിനിമയില്‍ തുടക്കം കുറിക്കുകയാണ്. സോള്‍ട്ട് മാംഗോ ട്രീക്ക് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന കല്ല്യാണം എന്ന ചിത്രത്തിലൂടെയാണ് ശ്രാവണ്‍ തുടക്കം കുറിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം നേരത്തെ പുറത്തുവന്നിരുന്നു. സിനിമയ്ക്ക് വേണ്ടി ദുല്‍ഖര്‍ സല്മാന് ആലപിച്ച പ്രമോഷന് ഗാനത്തിന്രെ ടീസര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഗാനം ഇറങ്ങുന്നതിനായുള്ള കാത്തിരിപ്പിലാണ് ഡിക്യു ആരാധകര്‍. എബിസിഡിക്ക് വേണ്ടി ദുല്‍ഖര്‍ സല്‍മാനും ഗ്രിഗറിയും ചേര്‍ന്നാലപിച്ച ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്ത സുഹൃത്ത് കൂടിയായ ശ്രാവണിന്റെ അരങ്ങേറ്റ ചിത്രത്തിലെ പ്രമോഷന് സോങ് ആലപിക്കാന്‍ ഇരുവരും എത്തിയത് ഏറെ സന്തോഷത്തോടെയാണ്. ധൃതംഗപുളദിതന് എന്ന് തുടങ്ങുന്ന പാട്ടിന്റെ ടീസര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും കഴിവുണ്ടെന്ന് ദുല്‍ഖര്‍ നേരത്തെ തെളിയിച്ചതാണ്. ഇതുവരെ ആലപിച്ച ഗാനങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. കല്ല്യാണത്തിലെ പ്രമോഷന് ഗാനവും ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ഇത്തവണ ശ്രാവണിന് വേണ്ടിയാണ് ഡിക്യു പാടിയതെന്ന പ്രത്യേകതയുണ്ട്. ബാല്യകാല സുഹൃത്ത് തനിക്ക് പിന്നാലെ സിനിമയിലേക്കെത്തുമ്പോള്‍ പൂര്‍ണ്ണ പിന്തുണ നല്കി ദുല്‍ഖര്‍ കൂടെയുണ്ട്.
