ചലച്ചിത്ര താരവും നർത്തകിയുമായ ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈ മലയാളിയായ അരുൺ കുമാറാണ് ദിവ്യ ഉണ്ണിയുടെ കഴുത്തിൽ താലി ചാർത്തിയത്. ഞായറാഴ്ച രാവിലെ 8 നും 9 നും ഇടയിലുള്ള ശുഭ മൂഹൂർത്തത്തിൽ ഹുസ്റ്റാണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.ഇരുവരുടേയും അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ദിവ്യ തന്റെ കുഞ്ഞുങ്ങൾക്കൊപ്പമാണ് ക്ഷേത്രത്തിൽ എത്തിയത്. എഞ്ചിനീയറായ അരുൺ നാലു വർഷമായി ഹുസ്റ്റാണിലെ താമസക്കാരനാണ്.നാട്ടിൽ തിരുവനന്തപുരം സ്വദേശിയാണ് അരുൺ.2002 ൽ അമേരിക്കൻ മലയാളിയായ ഡോക്ടർ സുധീർ ശേഖറെ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിനു ശേഷം ദിവ്യ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ ഇവർ വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തിൽ രണ്ടു കുട്ടികളുമുണ്ട്.താരത്തിന് അമേരിക്കയിൽ സ്വന്തമായി നൃത്ത വിദ്യാലയമുണ്ട്. ശ്രീപാദം സ്കൂള്‍ ഓഫ് ആര്‍ട്സ് എന്നാണ് സ്ഥാപനത്തിന്റെ പേര്. വിവാഹ ശേഷം അഭിനയ ജീവിതത്തിൽ ബ്രേക്ക് നൽകിയിരുന്നുവെങ്കിലും അമേരിക്കന്‍ ജാലകം എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകയായും ദിവ്യ പ്രവര്‍ത്തിച്ചിരുന്നു.രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ദിവ്യ സിനിമയിൽ എത്തിയത്. നീ എത്ര ധന്യ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ വെള്ളിത്തിരയിലേയ്ക്കുള്ള പ്രവേശനം. പിന്നീട് 10 ക്ലാസിൽ പഠിക്കുമ്പോഴാണ് ദിലീപ് ചിത്രമായ കല്യാണ സൗഗന്ധികത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായ അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ദിവ്യ ഉണ്ണിയുടെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രണയവർണ്ണങ്ങൾ , ചുരം (സംവിധായകൻ ഭരതന്റെ അവസാന ചിത്രം), ആകാശഗംഗ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധാരാളം ടി വി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.
