dileep-takes-randamoozham-reports-spread-in-social-media

ഒടിയനെന്ന സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ വിഎ ശ്രീകുമാര്‍ മേനോന്റെ അടുത്ത ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചിരുന്നു. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് രണ്ടാമൂഴമെന്ന പേരായിരുന്നു നല്‍കിയത്. വ്യവസായ പ്രമുഖഖനായ ബിആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 1000 കോടി ബഡ്ജറ്റില്‍ ചിത്രമൊരുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലും മഞ്ജു വാര്യരുമാണ് ചിത്രത്തിനെ നായികനായകന്‍മാരെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. പരസ്യ രംഗത്തുനിന്നും സിനിമയിലേക്കെത്തിയ സംവിധായകന്റെ ആദ്യ ചിത്രമായ ഒടിയന്‍ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഒടിയനുമായി ബന്ധപ്പെട്ട തിരക്കുകളുമായി നീങ്ങുന്നതിനിടയിലാണ് രണ്ടാമൂഴം തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എംടി വാസുദേവന്‍ നായര്‍ കോടതിയിലെത്തിയതും സംവിധായകന് നോട്ടീസ് ലഭിച്ചതും.

നാല് വര്‍ഷം മുന്‍പാണ് താന്‍ തിരക്കഥ നല്‍കിയതെന്നും രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം സമയം നീട്ടി ചോദിച്ചിരുന്നുവെന്നും അത് നല്‍കിയെന്നും എംടി വാസുദേവന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. സംവിധായകനില്‍ ഇനി തനിക്ക് വിശ്വാസമില്ലെന്നും ചിത്രത്തിനായി കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരികെ നല്‍കുകയാണെന്നും തിരക്കഥ തിരികെ ലഭിക്കണമെന്നുമാവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. അദ്ദഹവുമായി സംവിധായകന്‍ ചര്‍ച്ച നടത്തിയിരുന്നു. ഒടിയനുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ സിനിമയെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും അതാണ് ഇപ്പോഴത്തെ തെറ്റിദ്ധാരണയ്ക്ക് കാരണമെന്നുമായിരുന്നു സംവിധായകന്‍ വിശദീകരിച്ചത്. എന്നാല്‍ തന്റെ തീരുമാനത്തിന് മാറ്റമില്ലെന്നും സിനിമയില്‍ നിന്നും പിന്‍മാറുകയാണെന്നും എംടി വ്യക്തമാക്കിയതോടെയാണ് സിനിമയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. സോഷ്യല്‍ മീഡിയയും ഈ വിഷയത്തില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയിരുന്നു. സിനിമ ദിലീപ് ഏറ്റെടുത്തേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

സംവിധായകനില്‍ താല്‍പര്യമില്ല

വിഎ ശ്രീകുമാര്‍ മേനോനില്‍ തനിക്ക് വിശ്വാസമില്ലെന്നും തിരക്കഥയില്‍ താല്‍പര്യം പ്രകടിപ്പിച്ച് ആരെങ്കിലുമെത്തിയാല്‍ അവര്‍ക്കൊപ്പം ചേരുമെന്നും എംടി വാസുദേവന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. സംവിധായകനില്‍ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹവുമൊത്തെ സിനിമയൊരുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ചര്‍ച്ച നടത്താനായി മധ്യസ്ഥനെ ആവശ്യമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞുവെങ്കിലും ആ നീക്കം വിജയിക്കുമെന്ന കാര്യത്തിന് യാതൊരുറപ്പുമില്ല. തന്റെ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എംടി.

ദിലീപ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

രണ്ടാമൂഴമെന്ന സിനിമ ദിലീപ് ഏറ്റെടുത്തേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. മംഗളം അടക്കമുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകളാണ് ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പാതിവഴിയില്‍ മുടങ്ങുന്ന സിനിമയെ താരമേറ്റെടുത്ത് യാഥാര്‍ത്ഥ്യമാക്കുമെന്നാണ് സോഷ്യല്‍ മീഡിയയും പറയുന്നത്.

മഞ്ജു വാര്യര്‍ പുറത്തായേക്കും?

ദിലീപാണ് സിനിമ ഏറ്റെടുക്കുന്നതെങ്കില്‍ ചിത്രത്തിലെ താരനിര്‍ണ്ണയവും മാറി മറിയും. നായികയായി നിശ്ചയിച്ചിട്ടുള്ള മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും പുറത്താവുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വില്ലനും ഒടിയനും ശേഷം മോഹന്‍ലാലിനൊപ്പം താരം അഭിനയിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്.