താരങ്ങളെ പോലെ താരപുത്രി പുത്രന്മാരെ സ്നേഹിക്കുന്ന ആരാധകരും ഇന്ന് നിറയെ ഉണ്ട്. ബോളിവുഡിലാണെങ്കില്‍ താരപുത്രിമാരുടെ പിന്നാലെയാണ് പാപ്പരാസികളുടെ കണ്ണ്. ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാന് ആണ് നിരന്തരം വാര്‍ത്തകളില്‍ നിറയാറുള്ള താരപുത്രിമാരില്‍ ഒരാള്‍. അക്കൂട്ടത്തിലേക്ക് മറ്റൊരാള്‍ കൂടി എത്തിയിരിക്കുകയാണ്. നടന് അജയ് ദേവ്ഗണിന്റെയും നടി കാജോളിന്റെയും മകള്‍ നൈസ ആണത്.
നൈസയെ കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴായി പ്രചരിച്ചിട്ടുണ്ട്. അടുത്തിടെ താരപുത്രി മുംബൈ എയര്‍പോര്‍ട്ടില്‍ വന്നപ്പോള്‍ ധരിച്ച വസ്ത്രത്തിന്റെ പേരിലായിരുന്നു ട്രോളുകള്‍ക്ക് ഇരയാവേണ്ടി വന്നത്. നൈസയെ വിമര്‍ശിച്ച് ഒരു വിഭാഗം ആളുകള്‍ വന്നപ്പോള്‍ മകള്‍ക്ക് വേണ്ടി അജയ് ദേവ്ഗണ് എത്തിയിരിക്കുകയാണ്. പാപ്പരാസി സംസ്കാരം ഇന്ത്യയില്‍ വളര്‍ന്ന് വരികയാണെന്നും അതിനാല്‍ മാനുഷിക മൂല്യം പലരും മറന്ന് പോവുകയാണെന്നും താരം പറയുന്നു. എന്റെ മകള്‍ക്ക് പതിനാല് വയസ് മാത്രമേയുള്ളു.
ഞങ്ങളുടെ കാര്യം അവിടെ നില്ക്കട്ടെ. കൊച്ച് കുട്ടികളെ കുറിച്ച് പോലും മോശം പ്രചരണങ്ങള്‍ നടത്തുന്നവരുടെ മനോനില എന്താണ്. അവള് എന്ത് വേണമെങ്കിലും ധരിച്ചോട്ടെ. അത് അവളുടെ സ്വാതന്ത്ര്യം. മാതാപിതാക്കളുടെ പ്രശസ്തിയ്ക്ക് അവള് വില നല്‍കേണ്ടതില്ല. എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളു. ദയവ് ചെയ്ത് എന്റെ കുട്ടികളെ വെറുതേ വിടു. നിങ്ങള്‍ എല്ലാവരെയും പോലെ ഞങ്ങള്‍ക്കും സ്വകാര്യതയുണ്ട്. അതിനെ മാനിക്കൂ എന്നും അജയ് ദേവ്ഗണ് പറയുന്നു.