കഷ്ടപ്പെട്ട് തടി കുറച്ചു.. 18 ദിവസം ഷൂട്ട് ചെയ്തു.. എന്നിട്ടും സിനിമയില്‍ 5 മിനിട്ട് മാത്രം; സ്‌നേഹ

മകന്റെ ജനനത്തിന് ശേഷം സിനിമാ ലോകത്ത് നിന്ന് വിട്ടു നില്‍ക്കുന്ന സ്‌നേഹ തിരിച്ചെത്തിയത് മമ്മൂട്ടി നായകനായ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ്. അത് സംഭവിച്ചു പോയതാണെന്നും, സിനിമ നല്‍കുന്ന സന്ദേശം ഇഷ്ടപ്പെട്ടത് കൊണ്ടാണ് ആ സിനിമ ചെയ്തത് എന്നും സ്‌നേഹ പറഞ്ഞു.തമിഴില്‍ ഒരു മികച്ച മടങ്ങി വരവിന് കാത്തിരിയ്ക്കുന്ന സ്‌നേഹയെ തേടി വേലൈക്കാരന്‍ എത്തി. ചിത്രം നല്‍കുന്ന നല്ല സന്ദേശം തന്നെയായിരുന്നു സ്‌നേഹ വേലൈക്കാരന്‍ എറ്റെടുക്കാന്‍ കാരണം. എന്നാല്‍ ചിത്രം റിലീസായപ്പോള്‍ ആകെ നിരാശയിലാണ് താരം.

പ്രസവ ശേഷമുള്ള തടി കുറയ്ക്കാന്‍ പ്രയാസമാണ്. എന്നാല്‍ വേലൈക്കാരന്‍ എന്ന ചിത്രത്തിന് വേണ്ടി, ചിത്രം സമൂഹത്തിന് നല്‍കുന്ന സന്ദേശത്തിന് വേണ്ടി അതിന് ഞാന്‍ തയ്യാറയിരുന്നു. അങ്ങനെ കഷ്ടപ്പെട്ട് ഏഴ് കിലോയോളം കുറച്ചു.പതിനെട്ട് ദിവസമാണ് എന്റെ പോര്‍ഷന്‍ ഷൂട്ട് ചെയ്തത്. മിക്കതും വീടിന് അകത്ത് വച്ചുള്ളത് തന്നെയായിരുന്നു. ഇടയ്ക്കിടയ്ക്ക് വേഷം മാറണം. പല ഷോട്ടുകളും ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ചെയ്യുമ്പോള്‍, ഞാന്‍ തളര്‍ന്നുവെങ്കിലും ചിത്രവുമായി പൂര്‍ണമായും സഹകരിച്ചു.എന്നാല്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ എനിക്ക് ഹൃദയം തകരുന്ന വേദനയാണ് ഉണ്ടായത്. 18 ദിവസം കഷ്ടപ്പെട്ട് ഷൂട്ട് ചെയ്തതില്‍ അവസാനത്തെ മൂന്ന് ദിവസത്തെ രംഗങ്ങള്‍ മാത്രമേ സിനിമയിലുള്ളൂ. പതിനഞ്ച് മിനിട്ട് ദൈര്‍ഘ്യമെങ്കിലും എന്റെ കഥാപാത്രത്തിനുണ്ടാവുമെന്ന് കരുതിയെങ്കിലും വെറും അഞ്ച് മിനിട്ടില്‍ ഒതുക്കി.