ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് മോഹന്‍ലാല്‍ നായകനായി തുടക്കം കുറിക്കുന്ന ആദിയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 26 ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ നരസിഹം പുറത്തിറങ്ങിയത് ജനുവരി 26നായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ജനുവരി 26 ല്‍ നായകനായി അഭിനയിക്കുന്ന ആദ്യ ചിത്രവുമായി പ്രണവും എത്തുകയാണ്. ഇതാദ്യമായാണ് മോഹന്‍ലാല്‍ ഇല്ലാത്തൊരു സിനിമ ആശീര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്നത്. അദ്ദേഹത്തിന്റെ മകനാണ് ഇത്തവണ നായകന്‍. ആദിയുടെ റിലീസിനായി കാത്തിരിക്കുന്നതിനിടയിലാണ് പ്രണവിനോടൊപ്പമുള്ള അഭിനയത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ സഹതാരമായ അദിതി രവി പങ്കുവെച്ചത്.പ്രണവിന്റെ സിംപ്ലിസിറ്റിയെക്കുറിച്ച് നേരത്തെ പലരും സൂചിപ്പിച്ചിരുന്നു. താരപുത്രനെന്ന ജാഡയില്ലാതെ ആളുകളുമായി ഇടപഴകുന്ന പ്രണവിന്റെ പെരുമാറ്റം തന്നെയും സ്വാധീനിച്ചുവെന്ന് സഹതാരമായ അദിതി രവി പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദിതി കാര്യങ്ങള്‍ വിശദീകരിച്ചത്.